ന്യൂഡൽഹി: ശിവസേന എന്ന പേര് ഏത് വിഭാഗത്തിന് നൽകണം എന്ന വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഹർജി തള്ളിയത്.
ശിവസേനാ പാർട്ടി പദവിക്കായി ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം. മഹാരാഷ്ട്രയിലെ അധികാരമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയിൽ നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയുമായി മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു ഉദ്ധവിന്റെ വാദം.
യഥാർത്ഥ ശിവസേന തങ്ങളാണെന്ന് ഉദ്ധവ് പക്ഷം അവകാശവാദം ഉന്നയിച്ചപ്പോൾ പാർട്ടിയിൽ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ട് ഉദ്ധവ് പക്ഷത്തിനും ഷിൻഡെ പക്ഷത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. ഈ നീക്കത്തിനാണ് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.
Comments