ടാറ്റയുടെ ഏറെ ജനപ്രിയമായ മോഡലാണ് ടിയാഗോ. ഇപ്പോളിതാ, ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 8.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. നെക്സോൺ ഇവി, നെക്സോൺ ഇവി മാക്സ്, ടിഗോർ ഇവി എന്നിവയ്ക്ക് ശേഷം ടാറ്റാ മോട്ടോഴ്സിന്റെ ഭാഗത്തു നിന്നുള്ള നാലാമത്തെ ഇവി മോഡലാണ് ടിയാഗോ ഇവി. എന്നാൽ ഈ മൂന്ന് മോഡലുകളിൽ നിന്നും വ്യത്യസ്തമായി, ബാറ്റർ-പവർ മൊബിലിറ്റി സാങ്കേതിക വിദ്യയുള്ള വാഹനമായാണ് ടിയാഗോ ഇവി എത്തിയിരിക്കുന്നത്. നിലവിൽ 10,000 യൂണിറ്റ് ഇലക്ട്രിക് കാറുകളാണ് ടാറ്റ പുറത്തിറക്കിയത്.
250 കിലോമീറ്ററിലധികം റേഞ്ചുള്ള, സാധാരണക്കാർക്ക് വാങ്ങാവുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറായി ടിയാഗോ മാറി. എസ്യുവി, സെഡാൻ, ഹാച്ച്ബാക്ക് സെഗ്മെന്റുകളിൽ ഓരോ ഇലക്ട്രിക് കാർ മോഡൽ വീതം ടാറ്റയ്ക്കുണ്ട്. ഇതിനൊപ്പം, ടിയാഗോ ഇവി കൂടി എത്തിയതോടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ തങ്ങളുടെ സ്ഥാനം ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റയ്ക്ക് നേരിട്ട് ഒരു എതിരാളി ഇല്ല. ഇന്റേണൽ കംബസ്ഷൻ എഞ്ചിൻ (ഐസിഇ) പവർ ചെയ്യുന്ന ടിയാഗോയേക്കാൾ 3.1 ലക്ഷം രൂപ കൂടുതലാണ് പുതിയ ടിയാഗോ ഇവിക്ക്. XE, XT, XZ+, XZ+ ടെക് ലക്സ് എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് വഹനം ലഭിക്കുക.
ഫ്രണ്ട് ഗ്രില്ലിന്റെ ഇരുവശത്തും പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, ഇടത് ഹെഡ്ലൈറ്റിൽ ഇലക്ട്രിക് വെഹിക്കിൾ ബാഡ്ജ്, ഹെഡ്ലാമ്പിന് ചുറ്റുമുള്ള ഇലക്ട്രിക് ബ്ലൂ ആക്സന്റുകൾ, 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീൽ എന്നിവയെല്ലാം ഐസിഇ പവർ ചെയ്യുന്ന ടിയാഗോയിൽ നിന്ന് പുതിയ ഇവിയ്ക്കുള്ള പ്രത്യേകതകളാണ്. കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ എന്നിവയ്ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടിയാഗോ ഇവിയ്ക്ക് കമ്പനി നൽകിയിരിക്കുന്നു. ടീൽ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭിക്കുക.
ടാറ്റ ടിയാഗോ ഇവിക്ക് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കുന്നു. 315 കിലോമീറ്റർ എംഐഡിസി റേഞ്ചുള്ള വാഹനത്തിന് 24 kWh ബാറ്ററി പാക്ക് ലഭിക്കുമ്പോൾ, 250 കിലോമീറ്റർ റേഞ്ച് നൽകുന്ന 19.2 kWh ഉള്ള ഒരു ചെറിയ ബാറ്ററി പാക്കും ഉണ്ട്. കൂടാതെ, ഹാച്ച്ബാക്കിന് നാല് ചാർജിംഗ് ഓപ്ഷനുകൾ ലഭിക്കുന്നു. വീട്ടിലിരുന്ന് 15 എ സോക്കറ്റ്, 3.3 കിലോവാട്ട് എസി ചാർജർ, 7.2 കിലോവാട്ട് എസി ഹോം ചാർജർ, ഡിസി ഫാസ്റ്റ് ചാർജർ എന്നിവ ഉപയോഗിച്ച് ഇത് ചാർജ് ചെയ്യാം. 55 കിലോവാട്ട് പവർ ഔട്ട്പുട്ടും 114 എൻഎം പീക്ക് ടോർക്കും ഈ ഹാച്ച്ബാക്കിനുണ്ട്. 5.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Comments