കോഴിക്കോട്: രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പിഎഫ്ഐ ഓഫീസുകൾ പൂട്ടാനുള്ള നടപടികൾ സ്വീകരിച്ച് പോലീസ്. കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പോലീസ് പൂട്ടി. വടകര നാദാപുരത്തും പിഎഫ്ഐ ഓഫീസ് പൂട്ടി സീൽ ചെയ്തു. വടകരയിൽ പിഎഫ്ഐ ഓഫീസ് പ്രവർത്തിച്ചിരുന്നത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടമെന്ന രീതിയിലാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കോഴിക്കോടുള്ള പിഎഫ്ഐയുടെ സംസ്ഥാന സമിതി ഓഫീസ് അടക്കം പൂട്ടാത്തതിൽ ജനങ്ങൾക്കിടയിൽ നിന്ന് അമർഷം ഉയർന്നിരുന്നു.
ഇന്നലെ രാത്രിയോടെ ആലുവയിലെ പെരിയാർ വാലി ക്യാമ്പസിലെ പിഎഫ് ഓഫീസും പൂട്ടിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ തിരുവനന്തപുരം ജില്ലയിൽ അടക്കമുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യാനുള്ള നടപടികൾ പൂർത്തിയായിരുന്നില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് കൂടുതൽ ഓഫീസുകൾ സീൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ പോലീസ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നടപടികൾ ജില്ലാ പോലീസ് മേധാവിമാർ സ്വീകരിക്കും.
അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ പലയിടത്തും പിഎഫ്ഐ തീവ്രവാദികൾ പ്രതിഷേധവുമായി രംഗത്തു വന്നു. പോപ്പുലർ ഫ്രണ്ടിന്റെ കൊടികൾ പോലീസ് അഴിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു ചിലർ പ്രതിഷേധവുമായി വന്നത്. പിഎഫ്ഐയുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ കല്ലമ്പലം പുതുശ്ശേരിമുക്കിലാണ് സംഭവം. പ്രകടനം നടത്തിയവരിൽ മൂന്നുപേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയ പ്രസിഡന്റ് നസീം സലിം ,സുബൈർ ,സുധീർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ യുഎപിഎ നിയമ പ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
Comments