കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണെങ്കിൽ ഖാർഗെയ്‌ക്ക് വോട്ടുചെയ്യൂ; മറിച്ചാണെങ്കിൽ ഞാനിവിടെയുണ്ടെന്ന് ശശി തരൂർ – Congress President Election

Published by
Janam Web Desk

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ സംതൃപ്തരല്ലെങ്കിൽ മാത്രം തനിക്ക് വോട്ട് ചെയ്താൽ മതിയെന്ന് ശശി തരൂർ എംപി. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു പാർട്ടിയിലുമില്ലാത്ത ആഭ്യന്തര ജനാധിപത്യം കോൺഗ്രസിലുണ്ടെന്നും തരൂർ വാദിച്ചു.

”ഇതൊരു യുദ്ധമല്ല, പാർട്ടിയിലെ പ്രവർത്തകർ തന്നെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കും. അതാണ് ഞങ്ങളുടെ സന്ദേശം. എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പൂർണമായും സംതൃപ്തരാണെങ്കിൽ ഖാർഗെ സാഹിബിന് വേണ്ടി വോട്ടുചെയ്യുക. എന്നാൽ നിങ്ങൾ മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഞാനിവിടെയുണ്ട്. ഇക്കാര്യത്തിൽ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾ ഒന്നും തന്നെയില്ല.” ശശി തരൂർ പറഞ്ഞു.

മറ്റൊരു പാർട്ടിയിലുമില്ലാത്ത ജനാധിപത്യമാണ് ഇപ്പോഴും കോൺഗ്രസിലുള്ളതെന്നും ശശി തരൂർ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ മത്സരിക്കാനുള്ള ഉദ്ദേശ്യം തനിക്കുണ്ടായിരുന്നു. പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് എത്രമാത്രം അനിവാര്യമാണെന്നത് ചൂണ്ടിക്കാട്ടി ഒരു ലേഖനം തയ്യാറാക്കി. അതിന് ശേഷം നിരവധി സാധാരണ പ്രവർത്തകർ താൻ മത്സരിക്കണമെന്ന അഭ്യർത്ഥനയുമായി മുന്നോട്ടുവന്നു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. പാർട്ടിക്കുള്ളിൽ തന്നെ മാറ്റത്തിന്റെ സ്വരമായി താൻ മാറുകയും പാർട്ടിയുടെ വിവിധ മുഖങ്ങൾ ജനങ്ങൾക്ക് കാണിച്ചുതരികയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കടുവിലായിരുന്നു കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികൾ തീരുമാനമായത്. തിരുവനന്തപുരം എംപി ശശി തരൂരിനെ കൂടാതെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എൻ ത്രിപാഠി എന്നിവരാണ് സ്ഥാനാർത്ഥികൾ. ഖാർഗെയും തരൂരും തമ്മിലുള്ള കടുത്ത മത്സരമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നതെന്നിരിക്കെ കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കൾ പലരും ഖാർഗെയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കുകയും മറ്റ് ചിലർ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്.

Share
Leave a Comment