ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവാവ്. മന്ദാസുർ സ്വദേശി മുഹമ്മദ് നിസാർ ആണ് ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ചത്. ഇതിന് പിന്നാലെ അദ്ദേഹവും പ്രണയിനിയും ഹിന്ദു ആചാര പ്രകാരം വിവാഹിതരായി.
കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഹിന്ദു മതം സ്വീകരിച്ചത്. മന്ദാസുറിലെ ഗായത്രി ക്ഷേത്രത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. ക്ഷേത്ര പുരോഹിതൻ ചൈതന്യ സിംഗ് രജ്പുതായിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് അദ്ദേഹം സോനു സിംഗ് എന്ന ഹിന്ദു നാമം സ്വീകരിച്ചു.
സനാതന ധർമ്മം സ്വീകരിച്ചതിന് പിന്നാലെ ഹിന്ദു ആചാര പ്രകാരം സോനു സിംഗും പ്രണയിനിയും വിവാഹിതരായി. ചടങ്ങിൽ പ്രദേശത്തെ ഹിന്ദു നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.
ജനിച്ചത് മുസ്ലീം ആയിട്ടാണെങ്കിലും ഓർമ്മവെച്ച നാൾ മുതൽ ജീവിച്ചത് ഹിന്ദുവായിട്ടാണെന്ന് സോനു സിംഗ് പറഞ്ഞു. തന്റെ പൂർവ്വികർ ഹിന്ദുക്കളാണ്. ചന്ദ് സിംഗ് എന്നാണ് മുത്തച്ഛന്റെ പേര്. കഴിഞ്ഞ എട്ട് വർഷമായി ഹിന്ദുവായി തന്നെയാണ് ജീവിതം. നേരത്തെ തന്നെ സനാതന ധർമ്മം സ്വീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
ഹിന്ദു മതം സ്വീകരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് താൻ തന്നെയാണ് ചൈതന്യ സിംഗിനെ ബന്ധപ്പെട്ടത്. ഇപ്പോൾ ഞാൻ പൂർണമായും ഹിന്ദുവായിരിക്കുന്നുവെന്നും സോനു സിംഗ് വ്യക്തമാക്കി.
Comments