ബെംഗളൂരു: 11 ലക്ഷം രൂപയുടെ കാർ റിപ്പയർ ചെയ്തപ്പോൾ 22 ലക്ഷം രൂപയുടെ ബില്ല് ലഭിച്ച അനുഭവം പങ്കുവെച്ച് യുവാവ്. വോക്സ്വാഗൺ പോളോ കാർ റിപ്പയർ ചെയ്തപ്പോൾ ബെംഗളൂരുവിലെ ഒരു സർവീസ് സെന്ററിൽ നിന്നാണ് ഉപഭോക്താവിന് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയത്.
അനിരുദ്ധ് ഗണേഷ് എന്ന യുവാവ് ലിങ്ക്ഡ്ഇനിലൂടെയായിരുന്നു തന്റെ അനുഭവം പങ്കുവെച്ചത്. അടുത്തിടെ ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതോടെ തകരാറിലായി. തുടർന്ന് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള വോക്സ്വാഗൺ സർവീസ് സെന്ററിലേക്ക് കാർ അയച്ചു.
20 ദിവസത്തിന് ശേഷം സർവീസ് സെന്റർ 22 ലക്ഷത്തിന് റിപ്പയർ എസ്റ്റിമേറ്റ് അയച്ചു. ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ കാർ പൂർണമായും എഴുതിത്തള്ളിക്കോളാമെന്നും ശേഷം റിപ്പയർ ഷോപ്പിൽ നിന്ന് എടുത്തോളാമെന്ന് മറുപടി നൽകിയതായും യുവാവ് പറയുന്നു.
എന്നാൽ വിഷമിച്ചിരിക്കുന്ന യുവാവിനെ അമ്പരപ്പിച്ചുകൊണ്ട് സർവീസ് സെന്റർ മറ്റൊരു കാര്യമറിയിച്ചു. 44,840 രൂപ മാത്രം അടച്ച് റിപ്പയർ സെന്ററിൽ നിന്ന് കാർ കൈപ്പറ്റാമെന്നായിരുന്നു നിർദേശം. തകരാർ സംഭവിച്ചത് പരിഹരിച്ചതിനെ തുടർന്നുണ്ടായ രേഖകളും മറ്റും തയ്യാറാക്കുന്നതിന് ആവശ്യമായി വന്ന തുകയാണിതെന്നും ഈ പണം മാത്രം അടച്ചാൽ മതിയെന്നുമായിരുന്നു സർവീസ് സെന്റർ അറിയിച്ചത്. റിപ്പയർ ചാർജ്ജായി 5,000 രൂപ അടയ്ക്കേണ്ടതുണ്ടെന്നും വോക്സ്വാഗൺ ഇന്ത്യ അനിരുദ്ധിനെ ഔദ്യോഗികമായി അറിയിച്ചു. ഈ പണവും അടച്ചതോടെ അനിരുദ്ധിന് കാർ തിരികെ ലഭിക്കുകയും ചെയ്തു.
സമാന സാഹചര്യങ്ങളിൽ റിപ്പയർ ചാർജ്ജായി പരമാവധി 5,000 രൂപ മാത്രമേ ഈടാക്കാവൂവെന്നത് കമ്പനിയുടെ നയമാണെന്ന് വോക്സ്വാഗൺ ഇന്ത്യ വ്യക്തമാക്കി. പേപ്പർവർക്കുകൾ പൂർത്തിയായപ്പോൾ സെപ്റ്റംബർ 26നായിരുന്നു അനിരുദ്ധിന് കാർ തിരികെ ലഭിച്ചത്.
Comments