മുംബൈ : ശിവസേന സ്ഥാപകനും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയുമായ ബാൽ താക്കറെയുടെ ഓർമ്മയിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. തർക്കമന്ദിരം തകർന്നു വീണതിന് ശേഷമുണ്ടായ വർഗീയ കലാപങ്ങളിൽ നിന്ന് ഈ നഗരത്തെ രക്ഷിച്ചത് ബാൽ താക്കറെയാണെന്ന് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.
ഔറംഗാബാദിന്റെ പേര് സംഭാജിനഗർ എന്ന് മാറ്റാൻ അങ്ങ് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രതിപക്ഷവുമായി സഖ്യം ചേർന്ന ഉദ്ധവിന് ആ ആഗ്രഹം നിറവേറ്റാനായില്ല. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും ശിവസേന ഒന്നും ചെയ്യാതെ നിന്നു എന്നാണ് ഷിൻഡെ കത്തിൽ പറഞ്ഞിരിക്കുന്നത്.
ശിവസേനയുടെ അടിത്തറ വരെ തകർക്കുന്ന അവസ്ഥയിലൂടെയാണ് പാർട്ടി കടന്നുപോയത്. എന്നാൽ ഉദ്ധവിനും മകൻ ആദിത്യയ്‌ക്കും താക്കറെയ്‌ക്കും ഒരു പ്രശ്‌നവും വരുത്തില്ലെന്ന് അങ്ങേയ്‌ക്ക് നൽകിയ വാക്ക് ഒരിക്കലും തെറ്റിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലസമയങ്ങളിലും മൗനം പാലിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ നിങ്ങളുടെ ആശയങ്ങൾ തന്നെയാണ് ഇന്നും പാർട്ടി പിന്തുടരുന്നത്.
രാത്രിയിൽ ഉണർന്നിരുന്ന് പോസ്റ്ററുകൾ ഒട്ടിച്ചും, ക്യാമ്പുകൾ നടത്തിയും, മറാത്തകളെയും ഹിന്ദു സമൂഹത്തെയും സംരക്ഷിക്കാൻ പോരാടിയ, പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായ പ്രവർത്തകരുടെ വാക്കിന്റെ വില നഷ്ടപ്പെട്ടിരിക്കുകയാണ്. നവാഗതരുടെ സ്വാധീനം വർദ്ധിച്ചതോടെ സംഘടനയുടെ ബലം കുറഞ്ഞുവരുന്നു. നിങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ പഴയ പ്രമുഖരായ ശിവസേന നേതാക്കളെ പോലും രാഷ്‌ട്രീയത്തിൽ നിന്ന് പുറത്താക്കി എന്ന് കത്തിൽ വ്യക്തമാക്കുന്നു.
നിങ്ങൾ ഉണ്ടായിരുന്നപ്പോൾ, മാതോശ്രീ (താക്കറെയുടെ വസതി) വാത്സല്യം നിറഞ്ഞുനിൽക്കുന്നയിടമായിരുന്നു. അധികാരത്തിൽ ഒരിക്കലും നിങ്ങൾ പ്രലോഭിതനായിട്ടില്ല. എന്നാൽ നിങ്ങളുടെ മരണശേഷം നിങ്ങൾ ജീവിതം മുഴുവൻ എതിർത്തിരുന്ന കോൺഗ്രസുമായി ശിവസേന സഖ്യം ചേർന്നു. നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം തകർക്കാൻ ശ്രമിച്ചവരുമായി ശിവസേന കൈകോർത്തു. ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും ആരുമത് ചെവികൊണ്ടില്ല. അത് ദൗർഭാഗ്യകരമായ ഒരു കാര്യമായിരുന്നു എന്നും ഷിൻഡെ കുറിപ്പിൽ വ്യക്തമാക്കി.
Comments