ന്യൂഡൽഹി: ചിക്കൻ 65, ഗ്രിൽ ചെയ്ത പെസ്റ്റോ ചിക്കൻ സാൻഡ്വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി.. ഈ മെനു ഏതോ ഹോട്ടിലിലേതാണെന്ന് കരുതേണ്ട. എയർ ഇന്ത്യ നൽകുന്ന പുതിയ മെനുവിലെ ചില ഇനങ്ങളാണിത്. ഉത്സവ സീസൺ ആരംഭിച്ചതോടെ ആഭ്യന്തര വിമാനയാത്ര ചെയ്യുന്നവർക്ക് പുതിയ ഇൻ-ഫ്ളൈറ്റ് മെനു അവതരിപ്പിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഒക്ടോബർ ഒന്നിനാണ് മെനു യാത്രക്കാർക്കായി അവതരിപ്പിച്ചത്.
പുതിയ മെനുവിൽ രുചികരമായ നിരവധി ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഏറെ സന്തോഷമുണ്ടെന്നുമാണ് യാത്രക്കാരുടെ പ്രതികരണം. ട്രെൻഡി അപ്പെറ്റൈസറുകൾ, ഡെസേർട്ടുകൾ തുടങ്ങി പല വ്യത്യസ്ത വിഭവങ്ങളും മെനുവിലുണ്ടെന്ന് ട്വിറ്റർ പോസ്റ്റുകളിലും മറ്റും യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
വെണ്ണയടങ്ങിയ ക്രോയ്സന്റ്, ഷുഗർ-ഫ്രീ ഡാർക്ക് ചോക്ലേറ്റ് ഓട്സ് മഫിൻ, ചീസ് ആൻഡ് ട്രഫിൾ ഓയിൽ സ്ക്രാംബിൾഡ് എഗ്ഗ്, മസ്റ്റാർഡ് ക്രീം ചിക്കൻ സോസേജ്, ആലു പറാത്ത, വട ഇഡ്ലി, മീൻ കറി, ചെട്ടിനാട് ചിക്കൻ, ഉരുളക്കിഴങ്ങ് പൊടിമാസ് എന്നിവയാണ് ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്ന ചില ഓപ്ഷനുകൾ.
ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് ചീസ് മഷ്റൂം ഓംലെറ്റ്, ഡ്രൈ ജീര ആലു വെഡ്ജ്സ്, ഗാർലിക്ക് ടോസ്ഡ് സ്പിനാച്ച്, ചോളം എന്നിവ പ്രഭാതഭക്ഷണമായും വെജിറ്റബിൾ ബിരിയാണി, മലബാർ ചിക്കൻ കറി, വെജിറ്റബിൾ ഫ്രൈഡ് നൂഡിൽസ്, ചില്ലി ചിക്കൻ, ബ്ലൂബെറി വാനില പേസ്ട്രി, കോഫി ട്രഫിൾ സ്ലൈസ് എന്നിവ ഉച്ചഭക്ഷണമായും ആസ്വദിക്കാം.
യാത്രക്കാർക്ക് ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന രുചികരമായ ഭക്ഷണം ഉറപ്പാക്കുന്നതിനാണ് പുതിയ മെനു ചോയ്സുകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് എയർ ഇന്ത്യയുടെ ഇൻഫ്ളൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നും അദ്ദേഹം പറഞ്ഞു.
Comments