കോട്ടയം : വൈക്കത്തിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിൽ യുവതിയടക്കം രണ്ടു പേർ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം സ്വദേശികളായ അൻവർഷായും സരിതയുമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം. മൂന്ന് ക്ഷേത്രങ്ങളിലും പള്ളിയിലെ കപ്പേളയിലുമാണ് മോഷണം നടന്നത്. വൈക്കം- വെച്ചൂർ റോഡിലെ കൊതവറ ശ്രീകുറുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയിൽ ദുർഗാ ക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ്സ് കപ്പേള എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.അച്ചിനകം പിഴയിൽ ദുർഗാ ക്ഷേത്രത്തിലെ റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്നു. ഒരാഴ്ച മുൻപു ഭണ്ഡാരത്തിൽ നിന്നു പണം എടുത്തിരുന്നതിനാൽ കാര്യമായ നഷ്ടമില്ല.
വൈകുണ്ഠപുരം ക്ഷേത്രത്തിനു മുൻവശത്തെ ഭണ്ഡാരത്തിന്റെയും ക്ഷേത്രത്തിനകത്ത് അയ്യപ്പന്റെ നടയിലെ കാണിക്ക വഞ്ചിയുടെയും പൂട്ടു തകർത്തു. കാണിക്കവഞ്ചിയിൽ നിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞിരുന്നു .കപ്പേളയുടെ മുൻവശത്തെയും അകത്തെയും കാണിക്ക വഞ്ചിയുടെ പൂട്ടു പൊളിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പള്ളി ഭാരവാഹികളും വ്യക്തമാക്കി.
മോഷണം നടന്നതിന് പിന്നാലെ സംഘം എത്തിയ ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അൻവർ ഷായും സരിതയും അറസ്റ്റിലായത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. മോഷണം നടന്ന സ്ഥലങ്ങളിൽ പ്രതികളെയെത്തിച്ച് തെളിവെടുത്തു.
Comments