കോഴിക്കോട്: അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ മെറിറ്റ് ലിസ്റ്റിൽ നിന്ന് പുറത്താക്കുമെന്ന് വ്യക്തമാക്കി കരസേന. പ്രതിഷേധങ്ങൾ റിക്രൂട്ട്‌മെന്റിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ബാംഗ്ലൂർ മേഖല എഡിജി റിക്രൂട്ടിങ് മേജർ ജനറൽ പി. രമേഷ് കോഴിക്കോട് പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെ റിക്രൂട്ട്‌മെന്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഗ്നിവീർ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്ക് സേനയിൽ അവസരം നൽകില്ല. പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന സത്യവാങ്മൂലം നൽകിയാൽ മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയിൽ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാനാകൂ. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷം പോലീസ് വേരിഫിക്കേഷനിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി തെളിഞ്ഞാൽ ലിസ്റ്റിൽ നിന്നും പുറത്താകും.
അതേസമയം സംസ്ഥാനത്തെ ആദ്യ അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് പുരോഗമിക്കുകയാണ്. വടക്കൻ ജില്ലകളിലെ റിക്രൂട്ട്‌മെന്റാണ് കോഴിക്കോട് നടക്കുന്നത്. ഒക്ടോബർ പത്ത് വരെ നീളുന്ന റിക്രൂട്ട്‌മെന്റ് റാലിയിൽ 23,000ത്തോളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 13,000 പേർ ഇതുവരെ റാലിയിൽ പങ്കെടുത്തു. 705 പേർ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
തെക്കൻ ജില്ലകളിലെ റിക്രൂട്ട്‌മെന്റ് റാലി നവംബർ 15-ന് കൊല്ലത്ത് നടക്കും. 11,000ത്തോളം വനിതകളും അഗ്നിവീർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ ആദ്യവാരം ഇവർക്കായുള്ള റിക്രൂട്ട്‌മെന്റ് റാലി ബെംഗളൂരുവിലാണ് നടക്കുക.
Comments