മമ്മൂട്ടിയുടെ മറ്റൊരു വലിയ വിജയത്തിലേയ്ക്ക് നീങ്ങുകയാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയിൽ ഒരുക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. റോഷാക്കിലെ ഓരോ രംഗങ്ങളും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പ്രേഷകരുടെ അഭിപ്രായം. അത്തരത്തിൽ സിനിമയിലെ ഒരു പ്രധാന രംഗത്തിന്റെ ലൊക്കേഷൻ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിക്ക് കാറുകളോടും ഡ്രൈവിംഗിനോടുമുള്ള ഭ്രമം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. തന്റെ ചിത്രങ്ങളിൽ കാർ കൊണ്ടുള്ള അഭ്യാസങ്ങൾ കാണിക്കാൻ അദ്ദേഹത്തിന് ഏറെ താൽപര്യവുമാണ്. സൈലൻസ്, പോക്കിരിരാജ, എബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ്ഫാദർ തുടങ്ങി ധാരളം സിനിമകളിൽ കാറുകൾ ഡ്യൂപ്പില്ലാതെ തന്നെ മമ്മൂട്ടി ഡ്രിഫ്റ്റ് ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിലേക്കുള്ള പുതിയ ചിത്രമാണ് റോഷാക്ക്. റോഷാക്കിന് വേണ്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത് പ്രമുഖ നിർമ്മാതാവായ ബാദുഷയാണ്.
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്ത അനുഭവമാണ് റോഷാക്കിലൂടെ പ്രേക്ഷകർക്ക് സംവിധായകൻ നൽകുന്നത്. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ലൂക് ആന്റണി എന്ന ബിസിനസ്സ്മാൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. നടി ബിന്ദു പണിക്കരും മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെയ്ക്കുന്നു. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സമീർ അബ്ദുൾ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ചിത്രം നിർമ്മിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് സിനിമ തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
Comments