റാഞ്ചി : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ആധികാര ജയവുമായി ഇന്ത്യ. ഇഷാൻ കിഷന്റെയും ശ്രേയസ്സ് അയ്യരുടേയും തകർപ്പൻ ബാറ്റിംഗാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 279 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യക്ക് വേണ്ടി ശ്രേയസ്സ് അയ്യർ കരിയറിലെ രണ്ടാം സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അടിച്ചു പറത്തിയ ഇഷാൻ കിഷൻ 84 പന്തിൽ 93 റൺസ് നേടി. 25 പന്തുകൾ ബാക്കിയുള്ളപ്പോഴാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം നേടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അൻപത് ഓവറിൽ ഏഴ് വിക്കറ്റിന് 278 റൺസാണെടുത്തത്. 79 റൺസെടുത്ത എയ്ഡൻ മാക്രമും 74 റൺസെടുത്ത റീസ ഹെൻട്രിക്കസുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാനുള്ള സ്കോർ നൽകിയത്. ഡേവിഡ് മില്ലർ 35 ഉം ക്ലാസൻ 30 ഉം റൺസെടുത്തു. റൺസ് കൊടുക്കുന്നതിൽ പിശുക്ക് കാട്ടിയ മൊഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ മുന്നൂറിൽ താഴെ പിടിച്ച് നിർത്തിയത്. പത്ത് ഓവറിൽ 38 റൺസ് വഴങ്ങി സിറാജ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. അവസാന പത്ത് ഓവറിൽ ഇന്ത്യൻ ബൗളർമാർ 57 റൺസ് മാത്രമാണ് നൽകിയത്.ഇത് കളിയിൽ നിർണായകമായി. ശാർദൂൽ ഠാക്കൂർ എറിഞ്ഞ നാൽപ്പത്തിയേഴാം ഓവറിൽ ഒരു റൺ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ കഴിഞ്ഞത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ കണിശതയാർന്ന ബൗളിംഗിലൂടെ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ പിടിച്ചു നിർത്തി. 48 റൺസിനിടെ ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും വീഴ്ത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ ഒത്തുചേർന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യരും സാവധാനമാണ് തുടങ്ങിയത്. നിലയുറപ്പിക്കാൻ സമയമെടുത്ത ഇഷാൻ കിഷൻ പിന്നീട് ആക്രമണം ഏറ്റെടുത്തു. ഇരു വരും ചേർന്ന് 161 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി.
ഫോർട്ടിന്റെ പന്തിൽ സിക്സറിന് ശ്രമിച്ച് കിഷൻ പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയപാതയിലെത്തിയിരുന്നു. 84 പന്തിൽ ഏഴ് കൂറ്റൻ സിക്സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്. നാലാം വിക്കറ്റിൽ ശ്രേയസ്സിനൊപ്പം ചേർന്ന സഞ്ജു സാംസൺ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്തതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. 111 പന്തിൽ 15 ബൗണ്ടറികളുടെ സഹായത്തോടെ 113 റൺസുമായി ശ്രേയസ്സ് അയ്യരും 36 പന്തിൽ 29 റൺസുമായി സഞ്ജു സാംസണും പുറത്താകാതെ നിന്നു. ശിഖർ ധവാൻ 13 റൺസും ശുഭ്മാൻ ഗിൽ 28 റൺസുമാണ് നേടിയത്.
പരമ്പരയിലെ മൂന്നാമത്തെ മത്സരം 11 ന് ഡൽഹിയിൽ നടക്കും. നിലവിൽ ഇരു ടീമുകളും ഓരോ കളികൾ വീതം ജയിച്ച് സമനിലയിലാണ്.
Comments