കൊച്ചി : കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതിയെന്ന് കണ്ടെത്തൽ. 2020 ൽ കോലഞ്ചേരിയിൽ വൃദ്ധയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ഇയാൾ. 2021 ലാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.
ആഭിചാര ക്രിയയിലൂടെ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മന്ത്രവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഹമ്മദ് ഷാഫി. മനുഷ്യബലിയിൽ ഏജന്റായി പ്രവർത്തിച്ചതും ഇയാൾ തന്നെയായിരുന്നു.
ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഇയാൾ ആഭിചാരത്തിനായി ഇരകളെ തേടിയത്. തുടർന്ന് ഇവരെ നീലച്ചിത്രത്തിൽ അഭിനയിക്കിപ്പിക്കാമെന്നും പത്ത് ലക്ഷം രൂപ പ്രതിഫലം നൽകാമെന്നും പറഞ്ഞ് വഞ്ചിച്ചു. കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന മറ്റ് സ്ത്രീകളിൽ നിന്നാണ് മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചത്.
പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും റോസ്ലിയുടെ കൊലപാതകം സംബന്ധിച്ച് വിവരങ്ങളൊന്നും ആദ്യം നൽകിയിരുന്നില്ല. ഒരു രാത്രി മുഴുവൻ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റകൃത്യങ്ങൾ തുറന്നുപറഞ്ഞത്.















