തൃശ്ശൂർ: പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂരിൽ ജാഗ്രത നിർദ്ദേശം. തൃശ്ശൂർ ചേർപ്പിനടുത്ത് എട്ടുമുനയിലെ സ്വകാര്യ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ – മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അനുസരിച്ച് രോഗബാധ കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളേയും കൊല്ലാനാണ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ പരിസരത്തേയ്‌ക്ക് പൊതുജനങ്ങളെ വിലക്കിയിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കാനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പന്നിപ്പനി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ചേർപ്പിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളെല്ലാം നിരീക്ഷണത്തിലാണ്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പന്നിപ്പനി മനുഷ്യരിലേക്ക് പടരില്ല. ഒരു ഫാമിലെ പന്നികൾ മാത്രമാണ് ചത്തതെന്നും അധികൃതർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പന്നികളെയും കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.















