നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. കുഴിനഖം കാരണം ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലുണ്ടാകുന്ന നീർവീക്കമാണിത്. നഖം ഉള്ളിലേയ്‌ക്ക് അഥവാ ദശയിലേയ്‌ക്കു വളരുന്ന അവസ്ഥയാണ് കുഴിനഖം. നഖത്തിന്റെ അഗ്രം വിരലിലെ ചർമത്തിലേയ്‌ക്ക് ക്രമേണ താഴ്ന്നിറങ്ങും. അധികസമയം കൈ കാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ, പ്രമേഹരോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, കാലുകൾ വൃത്തിയായി സംരക്ഷിക്കാത്തവർ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്. നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.
ഇറുകിയ ഷൂസുകളും ചെരുപ്പുകളും സ്ഥിരമായി ധരിക്കുന്നർക്ക് കുഴിനഖം വരാൻ സാധ്യത ഏറെയാണ്. ബ്രഷോ മറ്റോ ഉപയോഗിച്ച് നഖം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റർജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവർക്കും കുഴിനഖം വരാം. പലരും എന്താണ് ഇതിന് പ്രതിവിധി എന്ന് തിരഞ്ഞ് പോകാറുണ്ട്. കുഴിനഖം മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,
- വിരലുകളെ ബാധിക്കുന്ന പൂപ്പൽ ബാധയ്‌ക്ക് എതിരായ ഏറ്റവും ഫലപ്രദമായ ഒന്നാണ് വിനാഗിരി. ആപ്പിൾ സൈഡർ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കുഴിനഖമുള്ള കാലുകൾ ദിവസത്തിൽ മൂന്നു നേരം കഴുകുക. അരമണിക്കൂർ നേരം വിനാഗിരി ലായനിയിൽ കാലുകൾ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.
- കുഴിനഖം തടയാൻ ഏറ്റവും മികച്ചതാണ് നാരങ്ങ നീര്. കുഴിനഖമുള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു.
- വേപ്പെണ്ണയും ഗുണപ്രദമാണ്. വേപ്പെണ്ണയുടെ ആന്റിഫംഗൽ ഗുണങ്ങൾ നഖത്തിലെ പൂപ്പൽ ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക.
- അല്പം പണം മുടക്കാൻ കഴിയുമെങ്കിൽ പെഡിക്യൂർ രീതികളും പിന്തുടരാവുന്നതാണ്. പാദ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് പെഡിക്യൂർ. ഇതിനായി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കാം. അത് സാധ്യമല്ലാത്തവർക്ക് വീട്ടിലിരുന്നും വളരെ ചിലവുകുറഞ്ഞ രീതിയിൽ പെഡിക്യൂർ ചെയ്യാവുന്നതാണ്. കടകളിൽ നിന്നും പെഡിക്യൂറിനാവശ്യമായ കിറ്റ്(പെഡിക്യൂർ കിറ്റ്) ലഭിക്കും.
കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും വലിയ പൂപ്പൽ ബാധയും ചിലരിൽ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാൽ ഒരു സർജനെ കണ്ട് ചികിത്സ തേടുക.















