തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസ് അട്ടിമറിച്ചെന്ന എസ്‌ഐടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നവകേരള യാത്രയ്‌ക്കിടെ പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥർ മർദനമേറ്റെന്നായിരുന്നു പരാതി. നിലവിലെ ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കാണ് അന്ന് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം.ആർ. അജിത് കുമാർ ഇടപെട്ടെന്ന പരാതിയും ഉയർന്നിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് പരാതിയിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല.
ഭരണമാറ്റത്തിന് പിന്നാലെ സർക്കാർ കേസിൽ പുനരന്വേഷണം പ്രഖ്യാപിക്കുകയും എസ്.പി. എ.പി. ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു.
കേസ് അട്ടിമറിക്കുന്നതിനായി ചില കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് എം.ആർ. അജിത് കുമാർ ഇടപെട്ടതായി എസ്‌ഐടി റിപ്പോർട്ടിൽ കണ്ടെത്തിയതായാണ് വിവരം. റിപ്പോർട്ടിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.















