ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം നേടിയ സ്‌പെയിന്‍ ടീമിന് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് വലിയൊരു വിഹിതം അമേരിക്കന്‍ സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായ സ്‌പെയിനിന് ലഭിച്ച 5 കോടി ഡോളര്‍ (ഏകദേശം 482 കോടി രൂപ) സമ്മാനത്തുകയില്‍ നിന്ന് 30 ശതമാനം വരെ ഫെഡറല്‍ നികുതി ഈടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
2026 ലോകകപ്പിലെ മത്സരങ്ങള്‍ അമേരിക്കയില്‍ നടന്നതിനാല്‍, അമേരിക്കന്‍ മണ്ണില്‍ നിന്നുള്ള ഈ വരുമാനത്തിന് നികുതി ഈടാക്കാന്‍ യു.എസ് സര്‍ക്കാരിന് നിയമപരമായ അധികാരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ കായികതാരങ്ങള്‍ക്കും കായിക സംഘടനകള്‍ക്കും അമേരിക്കയില്‍ ലഭിക്കുന്ന വരുമാനത്തിന് സാധാരണയായി 30 ശതമാനം ഫെഡറല്‍ നികുതി ബാധകമാണ്.
ഇതിന് പുറമെ മത്സരങ്ങള്‍ നടന്ന സംസ്ഥാനങ്ങളും പ്രത്യേകം നികുതി ഈടാക്കും. ഫൈനല്‍ നടന്ന ന്യൂജേഴ്സിയില്‍ 10.75 ശതമാനം വരെയും, മത്സരങ്ങള്‍ നടന്ന കാലിഫോര്‍ണിയയില്‍ 13.3 ശതമാനം വരെയും സംസ്ഥാന ഇന്‍കം ടാക്‌സ് ബാധകമായേക്കും. മുന്‍ ലോകകപ്പുകളില്‍ ആതിഥേയ രാജ്യങ്ങള്‍ ഫിഫയ്‌ക്കും ടീമുകള്‍ക്കും നികുതി ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും ഇത്തവണ അത്തരമൊരു ഇളവ് ലഭിച്ചിട്ടില്ല.
ഫിഫ സമ്മാനത്തുക നേരിട്ട് കളിക്കാര്‍ക്ക് നല്‍കുന്നില്ല. പകരം അതത് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കാണ് തുക കൈമാറുന്നത്. തുടര്‍ന്ന് ഫെഡറേഷനുകളാണ് കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും വിഹിതം വിതരണം ചെയ്യുന്നത്. ഫെഡറേഷനുകള്‍ക്ക് നികുതി ഇളവുണ്ടെങ്കിലും കളിക്കാര്‍ക്ക് ലഭിക്കുന്ന വിഹിതം വ്യക്തിഗത വരുമാന നികുതിക്ക് വിധേയമാകും.
അമേരിക്കയും സ്‌പെയിനും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ നിലവിലുണ്ടെങ്കിലും, ഇത്രയും വലിയ സമ്മാനത്തുകയെ പൂര്‍ണമായി അതില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. അതിനൊപ്പം സ്‌പെയിനിലെ ആഭ്യന്തര നികുതി നിയമങ്ങളും ബാധകമാകുന്നതിനാല്‍ താരങ്ങള്‍ക്ക് കൈവശം ലഭിക്കുന്ന അന്തിമ തുക ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്.
ഇതിനിടെ വിദേശ കായികതാരങ്ങളെ അമേരിക്കയിലേക്ക് ക്ഷണിച്ചുവരുത്തി അവരുടെ സമ്മാനത്തുകയില്‍ നിന്ന് വലിയ തോതില്‍ നികുതി ഈടാക്കുന്നതിനെതിരെ വിമര്‍ശനവും ശക്തമാകുകയാണ്. യു.എസ് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ടിം ബര്‍ചെറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഈ നികുതി നയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആഗോള കായികരംഗത്തും ഈ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.















