ഗുണ: കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ നമ്മൾ സാധാരണയായി മോട്ടറുകൾ ഉപയോഗിക്കാറുണ്ട്.. അതുമല്ലെങ്കിൽ ഹാൻഡ് പമ്പുകളുടെ സഹായത്തോടെ വെള്ളം എടുക്കും. വടക്കേ ഇന്ത്യയിലെല്ലാം പാതയോരങ്ങളിലെ പതിവ് കാഴ്ചകളാണ് ഹാൻഡ് പമ്പുകൾ. മധ്യപ്രദേശിൽ ഗുണ ജില്ലയിലെ ഭാൻപുര ഗ്രാമത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതായത് വെള്ളത്തിന് പകരം ഈ പമ്പിൽ നിന്നും മദ്യമാണ് പുറത്ത് വന്നു കൊണ്ടിരുന്നത്.
ഇവിടെ ഒരു അനധികൃത മദ്യശാലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഹാൻഡ് പമ്പിൽ നിന്ന് മദ്യം വരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിങ്കളാഴ്ച ഗ്രാമത്തിൽ നടത്തിയ റെയ്ഡിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ എട്ട് ഡ്രമ്മോളം മദ്യമാണ് കണ്ടെത്തിയത്. ഡ്രമ്മിന് മുകളിലായി ഹാൻഡ് പമ്പും സ്ഥാപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പമ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ മദ്യം പുറത്തേക്ക് വരികയായിരുന്നുവെന്ന് ഗുണ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
ഇവിടെ പശു ഫാമിലെ കാലിത്തീറ്റ സൂക്ഷിച്ച സ്ഥലത്തും ഡ്രമ്മുകളിലായി നാടൻ വാറ്റ് സൂക്ഷിച്ചിരുന്നു. ഇതും പോലീസ് കണ്ടെടുത്തു. മദ്യം നിറച്ച ഡ്രമ്മുകൾ സുരക്ഷിതമായി സൂക്ഷിക്കാനാണ് ഭൂഗർഭ അറകൾ ഉണ്ടാക്കിയത്. ഇവിടെ നിന്ന് മദ്യം പുറത്തെത്തിക്കാനാണ് പമ്പുകൾ സ്ഥാപിച്ചത്. ഈ പമ്പ് ഉപയോഗിച്ച് പുറത്തെടുക്കുന്ന മദ്യം ക്യാനുകളിലും മറ്റുമായി നിറിച്ച് എടുക്കുകയാണ് ചെയ്തിരുന്നതെന്നും ശ്രീവാസ്തവ പറയുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
എന്നാൽ ഉദ്യോഗസ്ഥരെ കണ്ട് മദ്യശാലയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments