ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം . ഭർതൃ വീട്ടിൽ ചേർത്തല സ്വദേശിയായ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം . ഭർത്താവും അച്ഛനും അമ്മയും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
ഭർതൃമാതാവ് രാത്രി വീട്ടിൽ നിന്ന് പുറത്താക്കി കതകടച്ചു. കൈ കടിച്ചുമുറിച്ചുവെന്നും കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. പല പ്രാവശ്യം പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.
കഴിഞ്ഞ അഞ്ച് മാസമായി ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടാണ് പീഡിപ്പിക്കുന്നത്. മക്കൾ പോലും തന്റെതല്ല എന്ന് ഭർത്താവ് പറഞ്ഞ് പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഗർഭിണിയായിരുന്നപ്പോഴും മർദ്ദിച്ചിരുന്നു. മക്കളെ ഓർത്താണ് എല്ലാം സഹിച്ചിരുന്നതെന്നും യുവതി വ്യക്തമാക്കുന്നു.
2013 ലാണ് ഓട്ടോ ഡ്രൈവറായ രജനീകാന്തിനെ യുവതി വിവാഹം ചെയ്യുന്നത്.വിവാഹം കഴിഞ്ഞ് മൂന്ന് മാസം മുതൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു . മാനസികമായും ശാരീരികമായും മകളെ പീഡിപ്പിച്ചു. ഇതിനെ തുടർന്ന് മകളെ വീട്ടിലേക്ക് തിരികെ കൊണ്ട് വന്നിരുന്നു. എന്നാൽ പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിച്ച് വീണ്ടും മകളെ തിരികെ കൊണ്ടു പോയി. കുട്ടികൾ ഉണ്ടായതിന് ശേഷവും പീഡനം തുടർന്നു. പോലീസിൽ പരാതി നൽകാൻ പോയപ്പോൾ അനുകൂലമായ നിലപാടല്ല പോലീസ് സ്വീകരിച്ചതെന്നും യുവതിയുടെ അച്ഛൻ കൂട്ടിച്ചേർത്തു.















