ലക്നൗ : കർവ്വാ ചൗത്ത് പ്രമാണിച്ച് വനിതാ തടവുകാർക്ക് വ്രതാനുഷ്ഠാനം നടത്താൻ ക്രമീകരണം ഒരുക്കി. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജയിലിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ജയിൽ തടവുകാർക്ക് ഉപവാസം അനുഷ്ഠിക്കുന്നതിനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
ജയിൽ സൂപ്രണ്ട് മിജാജി ലാലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. വിവാഹിതരായ വനിതാ തടവുകാർക്ക് പരമ്പരാഗത രീതിയിൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് തങ്ങൾ ഒരുക്കിയിരിക്കുന്നത്. നോമ്പ് തുറക്കാൻ വൈകുന്നേരങ്ങളിൽ ഭർക്കന്മാരെ വിളിക്കാനും വനിതാ തടവുകാർക്ക് ഉദ്യോഗസ്ഥൻ അനുമതി നൽകിയിട്ടുണ്ട്.66 വനിതാ തടവുകാരാണ് ജയിലിൽ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ ദീർഘായുസിനായാണ് ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത്. ഉത്തരേന്ത്യയിലെ സ്ത്രീകൾ എടുക്കുന്ന വ്രതാനുഷ്ഠാനമാണ് കർവ്വാ ചൗത്ത്. കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ ചതുർത്ഥിയിലാണ് കർവ ചൗത്ത് ഉപവാസം അനുഷ്ഠിക്കുന്നത്.ഈ ഉപവാസത്തിൽ മഹാദേവനെയും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബത്തെയും ആരാധിക്കുന്നു.
വിവാഹിതരായ സ്ത്രീകൾ മാത്രമല്ല, അവിവാഹിതരായ പെൺകുട്ടികൾ പോലും ഈ ദിവസത്തിൽ ഉപവസിക്കാറുണ്ട്. വിവാഹിതരായവർ ഭർത്താവിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുമ്പോൾ അവിവാഹിതരായ സ്ത്രീകൾ മികച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയാണ് വ്രതം എടുക്കുന്നത്.
Comments