ബെയ്ജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നതായി റിപ്പോർട്ടുകൾ. ഏകാധിപതി ഷി ജിൻ പിംഗിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ചൈനയിലെ വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പ്രധാന പാതയുടെ മേൽപ്പാലത്തിലാണ് രണ്ട് ബാനറുകൾ തൂക്കിയിട്ടിരിക്കുന്നത്. ചൈനീസ് ഭരണകൂടത്തിന്റെ സീറോ കൊറോണ നയത്തിനും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെയാണ് പ്രതിഷേധം.
”കൊറോണ പരിശോധനയോട് നോ പറയുക, ഭക്ഷണത്തോടല്ല. ലോക്ഡൗണിനോട് നോ പറയുക, സ്വാതന്ത്ര്യത്തോടല്ല, കള്ളങ്ങളോട് നോ പറയുക അന്തസ്സിനോടല്ല, സംസ്കാരിക വിപ്ലവം ആവശ്യമില്ല, പരിഷ്കരണം മതി, വലിയ നേതാക്കളെ വേണ്ട, ആരുടെയും അടിമയാകാതിരിക്കുക, രാജ്യത്തിന്റെ പൗരനായിരിക്കുക” എന്നാണ് ബാനറുകളിൽ എഴുതിവെച്ചിരിക്കുന്നത്.
”സമരം ചെയ്യൂ, ഏകാധിപതിയും രാജ്യദ്രോഹിയുമായ ഷി ജിംഗ് പിംഗിനെ താഴെയിറക്കൂ. ” എന്നും ആഹ്വാനമുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെയാണ് വ്യാപക പ്രതിഷേധം. മൂന്നാം തവണയും ഷി ജിൻ പിംഗ് തന്നെ അധികാരത്തിലേറാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് സംബന്ധിച്ച് ചർച്ചകളാകും യോഗത്തിൽ നടക്കുക. തെരുവുകളിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പാർട്ടി കോൺഗ്രസ് നടക്കുന്ന ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിന് സമീപമുള്ള സബ്വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും അർദ്ധസൈനിക വിഭാഗം പട്രോളിംഗ് നടത്തുന്നുണ്ട്.
തീവ്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇത് ഇനിയും തുടരാനാകില്ലെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
Comments