മുംബൈ: ഇന്ത്യയുടെ സമുദ്രസുരക്ഷയിൽ ശക്തമായ സാന്നിദ്ധ്യമായി ഐഎൻഎസ് അരിഹന്ത്. ആണവോർജ്ജത്താൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി നടന്നതായി നാവിക സേന അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ വെച്ചാണ് നിയന്ത്രിത ദൂരത്തിലേയ്‌ക്ക് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ഇന്ത്യ നടത്തിയത്. അന്തർവാഹിനിയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണമെന്നത് അപൂർവ്വം രാജ്യങ്ങൾ മാത്രം കൈവരിച്ചിരിക്കുന്ന സംവിധാനമാണ്. മുന്നേ തീരുമാനിച്ച ലക്ഷ്യത്തെ മിസൈൽ കൃത്യമായി തകർത്തെറിഞ്ഞുവെന്നും നാവിക സേന അറിയിച്ചു. ക്വാഡ് സഖ്യത്തിന്റെ കേന്ദ്രമായ പസഫിക്കിലെ ഇന്ത്യയുടെ നാവിക സേവന സാന്നിദ്ധ്യത്തിന് പതിന്മടങ്ങ് കരുത്ത് പകരുന്ന പരീക്ഷണമാണ് വിജയം കണ്ടത്.
ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം അതിനിർണ്ണായകമായിരുന്നു. കരുത്തിന്റേയും കൃത്യതയുടേയും കാര്യത്തിൽ എല്ലാ മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് സൈന്യത്തിന്റേയും ഡിആർഡിഒയുടെ സാങ്കേതിക വിദ്യയുടേയും മികവിനുള്ള തെളിവാണെന്നും നാവികസേന അറിയിച്ചു. ഐഎൻഎസ് വിക്രാന്ത് സമുദ്രത്തിലിറക്കിയ ശേഷം ചെറു യുദ്ധകപ്പലുകളും അന്തർവാഹിനികളുമടങ്ങുന്ന വൻ നാവിക പടയെയാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
ചൈനയുടെ നിരന്തര ഭീഷണിയെ മുന്നിൽക്കണ്ടാണ് ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമുള്ള നാവിക സേനാ വിന്യാസം.ആന്തമാൻ കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ നാവിക താവളം ശക്തമായ പ്രതിരോധം തീർക്കുകയാണ്. ആ മേഖലയിൽ അന്തർ വാഹിനികൾ വലിയ പങ്കാണ് സമുദ്രസുരക്ഷയിൽ വഹിക്കുന്നതെന്നും നാവികസേന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ആറായിരം ടൺ ഭാരമുള്ള അരിഹന്ത് 2016ലാണ് കമ്മീഷൻ ചെയ്തത്. വിശാഖപട്ടണത്താണ് 2009ൽ നിർമ്മാണം പൂർത്തിയാക്കിയത്. ഏഴുവർഷത്തെ തുടർച്ചയായ പരീക്ഷണങ്ങൾക്ക് ശേഷമാണ് നാവികസേനയുടെ ഭാഗമായത്. 2018ൽ എല്ലാവിധ ഓപ്പറേഷനുകൾക്കുമായി നാവികവ്യൂഹത്തിന്റെ ഭാഗമായി. സമ്പുഷ്ട യുറേനിയത്തെ ഇന്ധനമാക്കിയുള്ള 83 മെഗാവാട്ട് മർദ്ദത്തിലാണ് ലൈറ്റ് വാട്ടർ റിയാക്ടർ അന്തർവാഹിനിയെ പ്രവർത്തിപ്പിക്കുന്നത്.















