കീവ്: റഷ്യൻ സൈന്യം യുക്രെയ്നിൽ ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും യുദ്ധതന്ത്രമായി ഉപയോഗിക്കുന്നുവെന്ന് യുഎൻ പ്രതിനിധി പ്രമീള പാറ്റെൻ. ഇരകളെ മനപൂർവ്വം അപമാനിക്കാൻ മനുഷ്യത്വരഹിതമായ നടപടികൾ റഷ്യൻ സൈനികർ കൈക്കൊള്ളുന്നതായും പ്രമീള പാറ്റെൻ അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കീഴടക്കുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകളെ റഷ്യൻ സൈനികർ ദിവസങ്ങളോളം തടങ്കലിലാക്കി ബലാത്സംഗം ചെയ്യുന്നു. പെൺകുട്ടികളേയും ചെറിയ ആൺകുട്ടികളേയും പോലും അവർ വെറുതെ വിടുന്നില്ല. ബലാത്സംഗത്തിന് ശേഷം കൊടിയ ലൈംഗിക പീഡനങ്ങളും റഷ്യൻ സൈനികർ ഇരകൾക്ക് മേൽ ഏൽപ്പിക്കുന്നു. നിസ്സഹായരായ സ്ത്രീകൾക്ക് മുന്നിൽ വെച്ച് അവർ വയാഗ്ര ഉപയോഗിക്കുന്നു എന്ന വെളിപ്പെടുത്തൽ തന്നെ അങ്ങേയറ്റം ഭയാനകമാണെന്ന് യുഎൻ പ്രതിനിധി അഭിപ്രായപ്പെട്ടു.
യുദ്ധതന്ത്രത്തിന്റെ ഭാഗമായാണ് റഷ്യ ബലാത്സംഗം ഉപയോഗിക്കുന്നത് എന്നത് വ്യക്തമാണ്. ബലാത്സംഗങ്ങൾക്ക് ഇരകളാക്കപ്പെടുന്നവരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ആത്മവീര്യം ചോർത്തുക എന്നതും റഷ്യൻ സൈനികരുടെ ലക്ഷ്യമാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് പരാതികൾ ഐക്യരാഷ്‌ട്ര സഭ പരിശോധിച്ച് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും പ്രമീള പാറ്റെൻ പറഞ്ഞു.
4 വയസ്സ് മുതൽ 82 വയസ്സ് വരെയുള്ള സ്ത്രീകൾ റഷ്യൻ സൈനികരുടെ പീഡനങ്ങൾക്ക് ഇരകളായിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. യുദ്ധങ്ങളിലെ നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികളാണ് ഓരോ ബലാത്സംഗങ്ങളെന്നും യുഎൻ പ്രതിനിധി പ്രമീള പാറ്റെൻ അഭിപ്രായപ്പെട്ടു.
Comments