പെരുമ്പാവൂർ : ബലാത്സംഗക്കേസിൽ ഒളിലിൽ പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കാണാനില്ലെന്ന് പരാതി. എംഎൽഎയെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് കാണിച്ച് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളാണ് പോലീസിൽ പരാതി നൽകിയത്. എംഎൽഎയെ പോലീസ് അന്വേഷിച്ച് കണ്ടെത്തി തരണമെന്നും പരാതിയിൽ പറയുന്നുണ്ട്.
പറവൂർ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയാണ് എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരെയുള്ളത്. എംഎൽഎയ്ക്കെതിരെ യുവതി പരാതിയുമായി രംഗത്തെത്തിയതോടെ നേതാവ് ഒളിവിൽ പോയിരുന്നു. തുടർന്ന് താൻ നിരപരാധിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
എന്നാൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിട്ടും എംഎൽഎയോട് സിപിഎം രാജി ആവശ്യപ്പെടാതിരിക്കുന്നത് വിവാദമായിരിക്കുകയാണ്. കോൺഗ്രസിന്റെ ധാർമികത അനുസരിച്ച് തീരുമാനിക്കട്ടെയെന്നാണ് വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാട്. രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയ്യാറാകാതെ വന്നാൽ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
അതേസമയം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എംഎൽഎ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.















