തിരുവനന്തപുരം : സംസ്ഥാനത്തെ ജനറൽ സ്‌കൂളുകളുടെ പേരിൽ നിന്ന് ആൺ, പെൺ വ്യത്യാസം ഒഴിവാക്കാൻ നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്‌കൂളുകളുടെ പേരിൽ ഇനി ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ ഉൾപ്പെടുത്താൻ പാടില്ല. ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുന്ന ഒട്ടേറെ സ്‌കൂളുകളിൽ ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ പേരുകളുണ്ട്. ഇത് ഈ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ മനസിൽ വിഷമം ഉണ്ടാക്കുന്നുവെന്നാണ് ബാലാവകാശ കമ്മീഷന്റെ കണ്ടെത്തൽ.
ഇത്തരം സ്‌കൂളുകൾ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ പേര് പരിഷ്‌കരിക്കണമെന്നാണ് നിർദ്ദേശം. എല്ലാ ഔദ്യോഗിക രേഖകളിലും ഇതനുസരിച്ച് തിരുത്തൽ വരുത്തണമെന്നും നിർദ്ദേശിക്കുന്നുണ്ട്.















