ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശ്വാസ് സാരംഗ്. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള തീരുമാനം ചരിത്രപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള മൂന്ന് പുസ്തകങ്ങളും ഹിന്ദിയിലും തയ്യാറാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചേർന്ന് ഇവ പുറത്തിറക്കുമെന്ന് വിശ്വാസ് സാരംഗ് പറഞ്ഞു. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി വിഷയങ്ങളുടെ പുസ്തകങ്ങളാണ് ഹിന്ദിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസം മാത്രമല്ല, ഏത് കോഴ്സും പഠിപ്പിക്കാൻ പര്യാപ്തമാണ് ഇന്ത്യൻ ഭാഷകൾ. മാതൃഭാഷയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവാക്കൾക്ക് മികച്ച അവസരമാണ് ഇനി മുതൽ ലഭ്യമാകാൻ പോകുന്നതെന്നും മദ്ധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. ജർമ്മനി, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments