ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ പദ്ധതിയ്ക്ക് തുടക്കം കുറിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി ഡോക്ടറുടെ ഹിന്ദിയിലുള്ള കുറിപ്പടി. മധ്യപ്രദേശിലെ സത്നയിലെ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. സർവേശാണ് ഹിന്ദിയിൽ കുറിപ്പടി എഴുതി നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കുറിപ്പടി ഹിന്ദിയിൽ കുറിച്ചതെന്ന് ഡോക്ടർ പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോട് കുറിപ്പടികൾ ഹിന്ദിയിൽ നൽകാൻ അമിതാ ഷാ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയമാറ്റവുമായി സർവേശെത്തിയത്.
അടിവയറ്റിൽ വേദനയുമായി വന്ന രോഗിക്ക് നൽകിയ മരുന്നും രോഗ വിവരവുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ കുറിപ്പടിയിലുള്ളത്. കേസ് സ്റ്റഡി പൂർണമായും ഹിന്ദിയിലാണ് എഴുതിയിട്ടുള്ളത്. അഞ്ച് മരുന്നുകളാണ് കുറിച്ച് നൽകിയത്. ഇവയും ഹിന്ദിയിലാണ് കുറിച്ചിരിക്കുന്നത്. നീട്ടി കൊണ്ട് പോകുന്നതെന്തിനാണ്, ഇന്ന് തന്നെ ആരംഭിക്കാമെന്ന ചിന്തയാണ് ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബൃഹത്തായ മാറ്റങ്ങൾ വൈകാതെ ഉണ്ടാകുമെന്നും അതിന്റെ ആദ്യ പടിയാണിതെന്നുമാണ് ഹിന്ദിയിലെ മെഡിസിൻ പുസ്തകങ്ങളുടെ പ്രകാശനത്തിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞത്. സ്വന്തം ഭാഷയിൽ പഠിക്കാനാവുന്നത് ലക്ഷക്കണക്കിന് കുട്ടികളെ സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് മധ്യപ്രദേശ്. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി മൂന്ന് പുസ്തകങ്ങളാണ് ഹിന്ദിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
Comments