മോസ്കോ : പ്രതിരോധ രംഗത്ത് കൂടുതൽ ശക്തിയാർജ്ജിക്കാനൊരുങ്ങി ഇന്ത്യ. റഷ്യയുടെ പുതിയ പ്രതിരോധ സാങ്കേതിക ആയുധമായ കലാഷ്നികോവ് എകെ-203 റൈഫിളുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും. ഉത്തർപ്രദേശിലെ കോർവയിൽ റഷ്യയുടെ ഐതിഹാസിക ആയുധം നിർമ്മിക്കപ്പെടുമെന്ന് അന്താരാഷ്ട്ര ആയുധ വ്യാപാരത്തിനുള്ള റഷ്യയിലെ ഏജൻസിയായ റോസോബോറനെക്സ്പോർട്ട് മേധാവി അലക്സാണ്ടർ മിഖീവ് അറിയിച്ചു.
100 ശതമാനം പ്രാദേശികമായി ഇന്ത്യയിൽ തന്നെ ആയുധം നിർമ്മിക്കാനാണ് തീരുമാനമെന്ന് റഷ്യൻ ഏജൻസി അറിയിച്ചു. ഭാവിയിൽ, ഇതിനെ അടിസ്ഥാനമാക്കി, കൂടുതൽ നൂതന മോഡലുകൾ നിർമ്മിക്കുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുമെന്നും മിഖീവ് പറഞ്ഞു.
ഡിഫെക്സ്പോ ഇന്ത്യ-2022 ന് മുന്നോടിയായാണ് രാജ്യത്തിന് ഈ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ കലാഷ്നികോവ് റൈഫിളുകൾ നിർമ്മിക്കുന്നതിനായി സ്ഥാപിച്ച സംരംഭമാണ് ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിൽ പൂർത്തീകരിച്ചതും നടക്കുന്നതും ഭാവിയിൽ നടക്കാനിരിക്കുന്നതുമായ ഉൽപ്പാദന പദ്ധതികളുടെ ലോകത്തിലെ ഏറ്റവും വലിയ പോർട്ട്ഫോളിയോയുണ്ട് റോസോബോറനെക്സ്പോർട്ടിന്. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.
ഈ വർഷം അവസാനത്തോടെ എകെ 203 റൈഫിളുകളുടെ നിർമ്മാണം കോർവയിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രതിരോധ സേനയുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്താനാണ് തീരുമാനം.
Comments