തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയിട്ട ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച മന്ത്രി എം.ബി രാജേഷിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഒരു മൂച്ചിനു കിണറ്റിൽ ചാടിയാൽ ഒമ്പതു മൂച്ചിനു കയറിപ്പോരാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി വിവിധ വിഷയങ്ങളിൽ ഗവർണർ-സർക്കാർ പോര് തുടരുകയാണ്. ഇതിനിടെ ഗവർണറെ അവഹേളിച്ച് മന്ത്രിമാർ ഉൾപ്പെടെ നിരന്തരം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വേണ്ടിവന്നാൽ മന്ത്രിസ്ഥാനം റദ്ദാക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗവർണർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഈ പോസ്റ്റ്. എന്നാൽ പന്തിയല്ലെന്ന് തോന്നി പിന്നീട് അദ്ദേഹം പിൻവലിക്കുകയായിരുന്നു.
ജയശങ്കറിന്റ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ക്ഷമ ആട്ടിൻ സൂപ്പിനേക്കാൾ ഫലം ചെയ്യും എന്ന് പഴമക്കാർ പറഞ്ഞതും Discretion is better part of valour എന്ന് ഷേക്സ്പിയർ മഹാകവി എഴുതിയതും വെറുതെയല്ല.
സംസ്ഥാന ഗവർണർക്ക് മന്ത്രിമാരെ പിരിച്ചു വിടാൻ അധികാരമില്ലെന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും അറിയാം. പക്ഷേ ഗോതമ്പ് കഴിക്കുന്ന ഗവർണർക്ക് ആ ലോപ്പോയിന്റ് അറിയാമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. ആരിഫ് ഖാനാണെങ്കിൽ മഹാ മുഷ്ക്കനും എന്തും ചെയ്യാൻ മടിക്കാത്ത ഒരു ഭയങ്കരനുമാണ്. ഇനി ഇല്ലാത്ത അധികാരം ഉപയോഗിച്ച് വല്ല കടുംകൈയും ചെയ്താലോ? പിന്നെ പ്രതിഷേധവും ധർണ്ണയും രാജ്ഭവൻ മാർച്ചും കോടതി കേസും കുട്ടീശ്വരവുമായി നടക്കേണ്ടി വരും. ഒരു മൂച്ചിനു കിണറ്റിൽ ചാടിയാൽ ഒമ്പതു മൂച്ചിനു കയറിപ്പോരാൻ പറ്റില്ല. ഭരണഘടനയിൽ കുന്തവും കുടച്ചക്രവും അന്വേഷിച്ചു കണ്ടെടുത്ത സഖാവ് സജി ചെറിയാന്റെ അവസ്ഥ അറിയാമല്ലോ.
അതുകൊണ്ട് വിനയപൂർവ്വം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണ്.
ഭയം വേണ്ടാ, ജാഗ്രത മതി
Comments