ഡൽഹി: അയോദ്ധ്യ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബർ 23 ന് ഉത്തർപ്രദേശിലെത്തുന്ന മോദി അയോദ്ധ്യ സന്ദർശിക്കും. സന്ദർശന വേളയിൽ, ദീപാവലിയുടെ തലേന്ന് റാം ജി കി പൈഡിയിൽ നടക്കുന്ന ദീപോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഉത്തർപ്രദേശിലും അയോദ്ധ്യയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദീപോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ പുണ്യനഗരി സന്ദർശിക്കും. ഒരു മാസത്തിനുള്ളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാലാമത്തെ അയോദ്ധ്യ സന്ദർശനമാണിത്.
ഒക്‌ടോബർ 23-ന് വൈകിട്ട് 5:40- ന് ശ്രീരാമ കഥാ പാർക്കിൽ ശ്രീരാമന്റെ രാജ്യാഭിഷേകം പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിക്കും. വൈകുന്നേരം 6.30- ന് സരയു ഘട്ടിൽ നടക്കുന്ന ആരതിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. 6.40-നാണ് രാം കി പൗഡി ഘട്ടിൽ നടക്കുന്ന ദീപോത്സവത്തിൽ നരേന്ദ്രമോദി പങ്കെടുക്കുന്നത്. ദീപോത്സവം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചു വരികയാണ്. 15 ലക്ഷം ദീപങ്ങൾ തെളിച്ച് ലോക റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് അയോദ്ധ്യ.
രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ 2020 ലും 2021 ലും കൊറോണ പ്രതിസന്ധി കാലഘട്ടമായതിനാൽ ഭക്തരുടെ ആഘോഷങ്ങൾ നിരോധിച്ചിരുന്നു. ദീപോത്സവത്തിൽ സാധാരണക്കാരുടെ വരവ് നിരോധിച്ചു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്തതിനാൽ വൻ ഭക്തജന തിരക്കായിരിക്കും അനുഭവപ്പെടുക. ഇതിനുപുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ദീപോത്സവത്തിൽ ഭാഗമാകാൻ എത്തുന്നതോടെ അയോദ്ധ്യ അണിഞ്ഞൊരുങ്ങുകയാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും അയോദ്ധ്യയുടെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കും, രാമജന്മഭൂമി സുരക്ഷാ സമിതിയുടെ യോഗവും നടക്കും. ദീപോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ചയാണ് അയോദ്ധ്യ സന്ദർശിക്കുന്നത്.
Comments