ഷോപിയാൻ: ജമ്മു കശ്മീരിൽ വിവിധഭാഷാ തൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരൻ, അബദ്ധത്തിൽ കൂട്ടാളികളുടെ വെടിയേറ്റ് മരിച്ചു. ലഷ്കർ ഭീകരൻ ഇമ്രാൻ ബാഷിർ ഗനിയാണ് കൊല്ലപ്പെട്ടത്.
വിവിധഭാഷാ തൊഴിലാളികളെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ഭീകരനേയും കൂട്ടി സൈന്യം, മറ്റ് ഭീകരരുടെ ഒളിത്താവളം അന്വേഷിച്ച് പോയിരുന്നു. ഷോപിയാനിലെ ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തു. സൈന്യം തിരിച്ചും വെടിയുതിർത്തു. ഇതോടെ പരിഭ്രാന്തരായ ഭീകരർ തുരുതുരാ വെടിയുതിർക്കുകയും, വെടിയുണ്ട ലക്ഷ്യം തെറ്റി പിടിയിലായ ഭീകരന്റെ ശരീരത്തിൽ തുളഞ്ഞു കയറി മരണം സംഭവിക്കുകയുമായിരുന്നു.
ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും സൈന്യം ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ഉത്തർ പ്രദേശിലെ കനൗജ് സ്വദേശികളായ മോനിഷ് കുമാർ, രാം സാഗർ എന്നിവരെയാണ് ഇമ്രൻ ബാഷിർ ഷോപിയാനിൽ കൊലപ്പെടുത്തിയത്. തൊഴിലാളികൾക്ക് നേരെ ഇയാൾ ഗ്രനേഡ് എറിയുകയായിരുന്നു. തുടർന്ന് ഷോപിയാൻ പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
Comments