ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരന്റെ വെടിയേറ്റ് ഭീകരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ സൈന്യത്തെ പഴിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ, ‘ഇന്ത്യൻ സൈന്യത്തിന്റെ നരവേട്ടയുടെ ഇര‘ എന്നാണ് മെഹബൂബ വിശേഷിപ്പിച്ചത്. ‘ഹൈബ്രിഡ് ഭീകരൻ‘ എന്ന പ്രയോഗം തന്നെ സാധാരണക്കാരെ കൊലപ്പെടുത്തുന്നതിന് വേണ്ടി സൈന്യം സൃഷ്ടിച്ച കുറുക്കുവഴിയാണ് എന്നായിരുന്നു മെഹബൂബയുടെ ആരോപണം. ഇവയൊക്കെയും സംശയാസ്പദമാണെന്നും, ഇത്തരം സംഭവങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് മെഹബൂബ ആവശ്യപ്പെടുന്നത്.
ജമ്മു കശ്മീരിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിനിടെ അബദ്ധത്തിൽ ഭീകരന്റെ വെടിയേറ്റ് ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. വിവിധഭാഷാ തൊഴിലാളികളെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ലഷ്കർ ഭീകരൻ ഇമ്രാൻ ബാഷിർ ഗനിയായിരുന്നു കൊല്ലപ്പെട്ടത്.
അതേസമയം, ഇന്ത്യൻ സൈന്യത്തിനെതിരായ മെഹബൂബ മുഫ്തിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നപ്പോഴും വിവിധഭാഷാ തൊഴിലാളികളെ ഉൾപ്പെടെ ഭീകരർ തിരഞ്ഞു പിടിച്ച് കൊല ചെയ്യുമ്പോഴും നിശ്ശബ്ദത പാലിച്ച മെഹബൂബ, പാകിസ്താൻവാദിയായ ഭീകരൻ കൊല്ലപ്പെട്ടപ്പോൾ വിലപിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ കവീന്ദർ ഗുപ്ത അഭിപ്രായപ്പെട്ടു. തങ്ങളിൽ ആരാണ് ഏറ്റവും വലിയ രാജ്യദ്രോഹി എന്ന് കണ്ടെത്താൻ മെഹബൂബയും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും തമ്മിൽ മത്സരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments