ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതി അതിക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമെന്ന് പോലീസ്. വസ്തു സംബന്ധിച്ച തർക്കമാണ് വ്യാജ പരാതി ഉന്നയിക്കുന്നതിലേക്ക് യുവതിയെ നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അഞ്ച് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും യുവതി അവകാശപ്പെടുന്ന ദിവസങ്ങളിൽ അവരുടെ രണ്ട് സുഹൃത്തുക്കളോടൊപ്പം സുരക്ഷിതയായി യുവതി കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. രണ്ട് ദിവസമാണ് ഇത്തരത്തിൽ യുവതി സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞത്. യുപി റീജിയൺ പോലീസ് പ്രവീൺ കുമാറാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഗാസിയാബാദിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിവരവെ ഡൽഹിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അഞ്ചംഗ സംഘമെത്തി തന്നെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു യുവതിയുടെ അവകാശ വാദം. സഹോദരനാണ് തന്നെ ബസ് സ്റ്റോപ്പിൽ ഇറക്കിയതെന്നും അദ്ദേഹം പോയതിന് ശേഷം കാറിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.
തുടർന്ന് ഗാസിയാബാദിൽ ഡൽഹി സ്വദേശിനിയെ ചാക്കിൽ കെട്ടിയ നിലയിൽ പരിക്കുകളോടെ കണ്ടെത്തിയെന്ന വാർത്ത ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്യുകയും ദേശീയ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയും ചെയ്തു. 36കാരിയെ ജൂട്ട് ബാഗിനുള്ളിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയെന്നും യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റിയിരുന്നു എന്നുമായിരുന്നു വാർത്തകൾ വന്നത്. സംഭവത്തിന് പിന്നാലെ അഞ്ച് പേർക്കെതിരെ കേസെടുക്കുകയും അതിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴും വസ്തു തർക്കം കേസിൽ പരാമർശിച്ചിരുന്നു.
എന്നാൽ ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ നടന്ന പരിശോധനയിൽ യുവതിയുടെ ശരീരത്തിനകത്ത് പരിക്കുകളുണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. തുടർന്ന് യുവതിയുടെയും സുഹൃത്തുക്കളുടെയും മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. യുവതി വെളിപ്പെടുത്തിയ കഥകൾ എല്ലാം കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തി.
ബുധനാഴ്ച യുവതിയെ കണ്ടെത്തിയതിന് പിന്നാലെ ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. അതിന് ശേഷം മീററ്റിലെ ആശുപത്രിയിലേക്കും മാറ്റി. ഇരുസ്ഥലത്തും ശരിയായ വിധത്തിലുള്ള വൈദ്യപരിശോധന നടത്തുന്നതിന് യുവതി വിസ്സമ്മതിച്ചിരുന്നു.
ബലാത്സംഗക്കേസിന് കൂടുതൽ പ്രചാരം ലഭിക്കാൻ ഒരാളെ ഏൽപ്പിച്ചതായും ഇയാൾക്ക് പേടിഎം വഴി പണം അയച്ചുനൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളിൽ ഒരാളാണ് ഇത് ചെയ്തത്. ബലാത്സംഗം നടന്നുവെന്ന് യുവതി പറയുന്ന സമയത്ത് ഇവർ സുഹൃത്തുക്കളോടൊപ്പം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം നിർഭയ കേസിനെ ഓർമ്മിപ്പിക്കുന്നുവെന്നും തീർത്തും അപലപനീയമാണെന്നും പ്രതികരിച്ച വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ ബലാത്സംഗപരാതി വ്യാജമാണെന്ന വിവരം പുറത്തുവന്നിട്ടും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Comments