ലക്നൗ: ഗാസിയാബാദിൽ കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഡൽഹി സ്വദേശിനിയായ 40കാരിയെയാണ് വ്യാജപരാതി നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. യുപിയിലെ ഗാസിയാബാദിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിപോകാൻ നേരത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു. ബസ് സ്റ്റോപ്പിൽ നിൽക്കവെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. പീഡിപ്പിച്ചതിന് ശേഷം കൈകാലുകൾ ബന്ധിച്ച് ചാക്കിലാക്കി തള്ളി. സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി, എന്നെല്ലാമായിരുന്നു യുവതിയുടെ മൊഴി. സംഭവം രാജ്യശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. ഡൽഹി വനിതാ കമ്മീഷൻ സംഭവത്തെ അപലപിക്കുകയും കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ യുപി പോലീസിന് നിർദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ മൊഴി കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തിയത്.
അറസ്റ്റിലായ യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വ്യാജപരാതി നൽകാനും തെളിവുകൾ സൃഷ്ടിക്കാനും യുവതിയെ സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസാദ്, അഫ്സൽ, ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്.
വസ്തു തർക്കത്തെ തുടർന്നുള്ള പ്രതികാരമാണ് കള്ളക്കേസ് മെനഞ്ഞെടുക്കാൻ യുവതിയെ പ്രേരിപ്പിച്ചത്. അഞ്ച് പുരുഷന്മാരെയും കേസിൽ കുടുക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ഇതിനായി സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തിയായിരുന്നു യുവതി കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ചത്. മാദ്ധ്യമങ്ങളിൽ കേസിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഒരാൾക്ക് പണം നൽകുകയും ചെയ്തു. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണം കൂട്ടബലാത്സംഗക്കഥയുടെ ചുരുളഴിക്കുകയായിരുന്നു.
Comments