ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി അദ്ധ്യക്ഷയായ രണ്ട് സംഘനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി കേന്ദ്രസർക്കാർ.വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്ട്രേഷനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്. നെഹ്റു കുടുംബവുമായി ബന്ധമുള്ള ഒരു സർക്കാരിതര സംഘടനയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ.
എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് അയച്ചിട്ടുണ്ട്. നെഹ്റു കുടുംബം നടത്തുന്ന എൻജിഒകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ 2020 ൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.
രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവർ അംഗങ്ങളാണ്. ഇരു സംഘടനകളിലേയും ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇതുവരെ രാജ്യത്ത് ആറായിരത്തിലധികം സന്നദ്ധ സംഘടകളുടെ രജിസ്ട്രേഷൻ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകാത്തവ,തൃപ്തികരമല്ലാത്ത രേഖകളല്ലാത്തതിനാൽ ആഭ്യന്തരമന്ത്രാലയം അപേക്ഷ തള്ളിയവ എന്നിങ്ങനെ പലകാരണങ്ങളാലാണ് 6003 സംഘടനകളുടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കിയത്.
Comments