എവിടേയ്ക്കെങ്കിലും യാത്രയ്ക്ക് ഇറങ്ങി പുറപ്പെടുമ്പോൾ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് ട്രാഫിക് ബ്ലോക്ക്. ആകെ ബോറടിക്കുന്ന ഒരവസ്ഥ. എന്തു ചെയ്യണമെന്നറിയാതെ നമ്മൾ ആകെ കുഴപ്പത്തിലാകും . ചിലർ എഫ്എം ഓൺ ചെയ്ത് പാട്ടു കേട്ടിരിക്കും. എന്നാൽ പലരും ഈ സമയം എന്തു ചെയ്യണമെന്നറിയാതെ വലയും. ഈ സമയം കടന്നു പോകുക എന്നത് വലിയ പ്രയാസമാണ്. എന്നാല്‍ ആ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തുണി തുന്നി കൊണ്ടാണ് സ്മൃതി ഇറാനി തന്റെ സമയം ട്രാഫിക്ക് ബ്ലോക്കിൽ ചിലവഴിച്ചത്.
കാണ്‍പൂരില്‍ നിന്നും ലഖ്നൗവിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി സഞ്ചരിച്ച വാഹനം ട്രാഫിക്ക് ബ്ലോക്കിൽ പെട്ടത്. ഇതോടെ മന്ത്രി തന്റെ കൈവശമുണ്ടായിരുന്ന സൂചിയും നൂലുമെടുത്തു. പതിയെ തുണി തുന്നാനും ആരംഭിച്ചു. ഇതിന്റെ വീഡിയോ സ്മൃതി ഇറാനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കമ്പിളി നൂല് കൊണ്ട് മനോഹരമായി തുണി തുന്നുന്ന മന്ത്രിയെ വീഡിയോയില്‍ കാണാം.
‘ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തണമെന്നും കുറിപ്പില്‍ പറയുന്നു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
Comments