മെൽബൺ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. പവർപ്ലേ പൂർത്തിയാകുമ്പോൾ, പാകിസ്താന്റെ നെടുംതൂണുകളായ രണ്ട് ഓപ്പണർമാരെയും കൂടാരം കയറ്റി അർഷ്ദീപ് സിംഗ് ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിലെത്തിച്ചു. 6 ഓവറുകൾ പൂർത്തിയാകുമ്പോൾ, 2 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ് പാകിസ്താൻ.
ഈർപ്പമുള്ള പിച്ചിലെ അസാമാന്യ സീമും ബൗൺസും മുതലെടുത്ത ഇന്ത്യൻ ബൗളർമാർ പാകിസ്താനെ വരിഞ്ഞ് മുറുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ പാകിസ്താൻ നായകൻ ബാബർ അസമിനെ പൂജ്യത്തിന് പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യക്ക് തകർപ്പൻ തുടക്കം സമ്മാനിച്ചു. ആദ്യ ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ, മുഹമ്മദ് റിസ്വാനെ നിർത്തി പൊരിച്ചു. നാലാം ഓവറിലെ അവസാന പന്തിൽ 4 റൺസെടുത്ത മുഹമ്മദ് റിസ്വാനെയും അർഷ്ദീപ് ഭുവനേശ്വർ കുമാറിന്റെ കൈകളിൽ എത്തിച്ചു.
നേരത്തേ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, പിച്ചിലെ ഈർപ്പം മുതലെടുക്കാൻ പേസർമാർക്ക് സാധിക്കും എന്ന രോഹിതിന്റെ നിഗമനം ശരിവെക്കും വിധമാണ് ഇന്ത്യൻ പേസർമാർ പന്തെറിയുന്നത്.
Comments