തിരുവനന്തപുരം: തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങൾ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിഷേധിച്ചതിന് പിന്നാലെ തെളിവുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട് സ്വപ്ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തള്ളി ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
മദ്യപാന സദസ്സിനിടെയുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചോളം ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നതായി തോന്നുന്ന ചിത്രങ്ങളടക്കമാണ് ഇതിലുളളത്. മറ്റ് ചില സ്വകാര്യ രംഗങ്ങളും പുറത്തുവിട്ട ചിത്രങ്ങളിൽ ഉണ്ട്. സ്വകാര്യശേഖരത്തിലെ മദ്യകുപ്പികളും കാണാം.
ശ്രീരാമകൃഷ്ണൻ തന്നോട് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് നിഷേധിച്ച് ഇന്ന് രാവിലെ വലിയ ഫേസ്ബുക്ക് കുറിപ്പുമായി അദ്ദേഹം രംഗത്തുവരികയായിരുന്നു. ആർക്കും അനാവശ്യ സന്ദേശം അയച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം സ്വപ്നയെ നിയമപരമായി നേരിടുമെന്നും സ്വപ്ന കള്ളം പറയുകയാണെന്നും ആരോപിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞത് സത്യമാണെന്ന് ചിത്രങ്ങൾ പുറത്തുവിട്ടതിലൂടെ സ്വപ്ന തെളിയിക്കുകയായിരുന്നു.
അതേസമയം ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ശ്രീരാമകൃഷ്ണനും സർക്കാരും. നേരത്തെ സ്വപ്നയുടെ പുസ്തകമായ ചതിയുടെ പത്മവ്യൂഹത്തിലൂടെ പുറത്തുവിട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളും വലിയ ചർച്ചയായിരുന്നു.
Comments