കാറിലിരിക്കുന്ന അന്യഗ്രഹജീവിയെ കണ്ടെന്ന അവകാശവാദവുമായി നാൽപ്പത്തിയഞ്ചുകാരി. ഗൂഗിൾ എർത്ത് ഉപയോക്താവായ ക്രിസ്റ്റൽ പാറ്റേഴ്‌സൺ ആണ് ഈ വാദമുയർത്തി വാർത്തകളിൽ നിറയുന്നത്. കാറിന്റെ പിൻസീറ്റിൽ പതിയിരിക്കുന്ന അന്യഗ്രഹജീവിയെ കണ്ടെന്നാണ് ക്രിസ്റ്റൽ അവകാശപ്പെടുന്നത്.
അമേരിക്കൻ നഗരമായ മാപ്പിൾടണിൽ ഒരു ഗാരേജ് വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നത് ഗൂഗിൾ എർത്ത് വഴി തിരഞ്ഞപ്പോഴാണ് സംഭവം. ഗാരേജ് വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്ന ലൊക്കേഷൻ കൃത്യമായി കാണുന്നതിന് വേണ്ടിയാണ് ക്രിസ്റ്റൽ ഗൂഗിൾ എർത്ത് ഉപയോഗിച്ചത്. ഇതിനിടയിലാണ് കാറിന്റെ പിറകിലെ അസാധാരണ രൂപം കണ്ടത്. എന്താണെന്ന് അറിയാൻ സൂം ചെയ്ത് നോക്കിയത്, അതൊരു അന്യഗ്രഹ ജീവിയാണെന്ന് അറിഞ്ഞപ്പോൾ അമ്പരന്ന് പോയെന്നുമാണ് ക്രിസ്റ്റൽ പറയുന്നത്.
നഗ്നനായ ഒരു രൂപമായിരുന്നു അതെന്നും, മൂക്കും അതിന്റെ ശരീരവുമെല്ലാം വളരെ വിചിത്രമായ രീതിയിലാണ് കാണപ്പെട്ടതെന്നും ഇവർ പറയുന്നു. എന്തായാലും ക്രിസ്റ്റലിന്റെ വാദങ്ങളെ എതിർത്തും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.















