എറണാകുളം: ദീപാവലിയ്‌ക്ക് പടക്കം പൊട്ടിച്ചെന്നാരോപിച്ച് ആയുധങ്ങളുമായി തമിഴ് വംശജരുടെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർക്കെതിരെ കേസ്. പ്രദേശവാസിയായ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ റഫീക്കടക്കം നാലു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പടക്കം പൊട്ടിച്ചതിൽ പ്രകോപിതരായി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതികൾ രാത്രി വീട് കയറി ആക്രമിക്കുകയും അഞ്ചും ഏഴും വയസുള്ള കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തു. ഇവരുടെ പലഹാര അടുപ്പുകളും മറ്റും തല്ലി തകർത്തതായും പരാതിയിൽ പറയുന്നു. തങ്കപാണ്ഡ്യൻ,ഇയാളുടെ ഭാര്യ, മാതാവ് മീന, പിതാവ് പാണ്ഡ്യൻ, അയൽവാസിയായ ഭാസ്‌കരൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഭാസ്‌കരന്റെ കണ്ണിന് താഴെ ആയുധം കൊണ്ട് പരിക്കേൽപ്പിക്കുകയും തങ്കപാണ്ഡ്യന്റെ ഭാര്യയുടെ മാല മോഷ്ടിക്കാനും അക്രമികൾ ശ്രമിച്ചു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകിയിട്ടുണ്ട്.
ഇതിനിടയിൽ കേസ് ഒത്തുത്തീർപ്പാക്കാനുള്ള ശ്രമവും നടന്നതായി കുടുംബം അറിയിച്ചു. സ്ഥലത്തെ രാഷ്‌ട്രീയ നേതാക്കളുടെ നേതൃത്വത്തിലാണ് ഒത്തുത്തീർപ്പ് ശ്രമ നടന്നത്. നഷ്ടമായി പണം നൽകി കേസ് ഒത്തുത്തീർപ്പാക്കണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ രാഷ്‌ട്രീയ പ്രവർത്തകർ ഒത്തുത്തീർപ്പിൽ നിന്നും പിൻമാറുകയായിരുന്നു.
പതിറ്റാണ്ടുകളായി മൂവാറ്റുപുഴ മാർക്കറ്റ് മേഖലയിൽ താമസിക്കുന്നവരാണ് ആക്രമണത്തിന് ഇരയായത്. പലഹാരം ഉണ്ടാക്കിയാണ് ഇവർ നിത്യവരുമാനം കണ്ടെത്തിയിരുന്നത്.
Comments