കോഴിക്കോട്: വിദ്യാർത്ഥികളോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വകാര്യ സ്കൂളിലെ അദ്ധ്യാപകനായ കോടശേരി തോട്ടോളി അബ്ദുൾ നാസറിനെതിരെയാണ് കേസ്. ഇയാളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. എലത്തൂർ പോലീസാണ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളോട് ക്ലാസ് മുറിയിൽ വെച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. തുടർന്ന് സ്കൂൾ മാനേജ്മെന്റ് അന്വേഷണം നടത്തുകയും പ്രധാനാദ്ധ്യാപകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എലത്തൂർ പോലീസിന് നാല് വിദ്യാർത്ഥികൾ ചേർന്നാണ് പരാതി നൽകിയത്. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദ്ധ്യാപകൻ അബ്ദുൾ നാസർ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും എലത്തൂർ പോലീസ് അറിയിച്ചു.
Comments