കൊച്ചി: ഐഎസ്എല്ലിലെ നാലാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയ്‌ക്കെതിരെ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ നടത്തിയ വിജയക്കുതിപ്പ് രണ്ടും മൂന്നും മത്സരത്തിൽ തുടരാനാകാത്തതിന്റെ ക്ഷീണം തീർക്കാനാണ് ഇന്ന് ഇവാൻ വുകോമനോവി ച്ചിന്റെ കുട്ടികളിറങ്ങുക.
പ്രതിരോധ നിര പകച്ചു നിൽക്കുന്ന കാഴ്ചകൾ ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. എടികെ മോഹൻ ബഗാനെതിരേയും ഒഡീഷ എഫ്‌സിയ്‌ക്കെതിരേയും ആദ്യം ലീഡ് നേടിയ ശേഷമാണ് ടീം തോൽവി വഴങ്ങിയതെന്നതാണ് ആരാധകരെ നിരാശരാക്കിയത്.
ആക്രമിച്ച് കളിക്കുക എന്നതിന് മാറ്റമില്ലെന്ന് ഇവാൻ പറയുമ്പോൾ പഴുതടച്ച പ്രതിരോധ മെന്നത് ഇന്ന് നിർണ്ണായകമാകും. മൂന്ന് കളികളിലായി എട്ടു ഗോളുകളാണ് ടീം വഴങ്ങിയത്. പകരമായി നിറയെ ഗോളുകൾ ഇന്ന് തിരികെ എതിരാളികളുടെ വലയിൽ നിറയ്‌ക്കാനാണ് അവർ മഞ്ഞക്കടലായി കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലേയ്‌ക്ക് ഇരമ്പിക്കയറി ക്കൊണ്ടിരിക്കുന്നത്.
ഒരു തോൽവിയും നേരിടാതെയാണ് മുംബൈ സിറ്റി ഇന്ന് കൊച്ചിയിലിറങ്ങുന്നത്. മുമ്പ് ബ്ലാസ്റ്റേഴ്‌സിനായി കളിച്ച് ഗോളടിച്ചു കൂട്ടിയ ഹോർജേ പെരേര ഡിയാസും ഗ്രേഗ് സ്റ്റുവർട്ടും അഹമ്മദ് യാഹുവും മുംബൈയുടെ കരുത്താണ്.
Comments