തിരുവനന്തപുരം: പ്രഭാതസവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. താടിയുള്ള തൊപ്പിവെച്ചയാളെന്ന് യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം പോലീസ് വരച്ചിരിക്കുന്നത്. പ്രതിയെ പിടികൂടുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾ കനത്ത സാഹചര്യത്തിലാണ് പോലീസ് നീക്കം.
പ്രതിക്കെതിരെ ആദ്യം നിസാര വകുപ്പുകളായിരുന്നു പോലീസ് ചുമത്തിയതെന്ന ആക്ഷേപം പരാതിക്കാരി ഉന്നയിച്ചിരുന്നു. കൂടാതെ സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ലെന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. തുടർന്ന് സംഭവം വിവാദമായതോടെ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
എന്നാൽ കേസന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കേസന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിസിപി പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ ഏത് ദിശയിലേക്കാണ് പ്രതി ഓടിയത് എന്നതിൽ ആശയക്കുഴപ്പമുണ്ടായെന്നും ഇത് പ്രാരംഭഘട്ട അന്വേഷണത്തെ ബാധിച്ചുവെന്നും തിരുവനന്തപുരം ഡിസിപി പറഞ്ഞു.
നിലവിൽ പരാതിക്കാരിയുടെ മൊഴിയുടേയും ചില സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. ഉടൻ തന്നെ പ്രതിയിലേക്ക് എത്തുമെന്നാണ് നിലവിൽ പോലീസ് അറിയിക്കുന്നത്.
തിരുവനന്തപുരത്ത് അതീവ സുരക്ഷ മേഖലയായ മ്യൂസിയം വളപ്പിലായിരുന്നു യുവതി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. ഇന്നോവ കാറിലാണ് അക്രമിയെത്തിയതെന്ന് യുവതി പറയുന്നു. കേസിന്റെ ആരംഭഘട്ടത്തിലുണ്ടായ വീഴ്ചയാണ് പ്രതിയെ പിടികൂടുന്നത് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
Comments