തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ പെൺസുഹൃത്ത് ഗ്രീഷ്മ കൊലപ്പെടുത്തിയത് ആസൂത്രിതമായി. എങ്ങനെ കൊലപ്പെടുത്തണമെന്നതിനെ കുറിച്ച് പല തവണ ഗ്രീഷ്മ ഇന്റർനെറ്റിൽ സെർച്ച് ചെയ്തെന്നാണ് വിവരം. സ്ലോ പോയിസണിംഗ് വഴിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നും സംശയിക്കുന്നുണ്ട്.
ഓഗസ്റ്റ് 25 ന് ശേഷം പല തവണ പുറത്ത് പോയി വന്നതിന് ശേഷം ഷാരോണിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഇതാണ് സ്ലോ പോയിസണിംഗ് വഴിയാണോ എന്ന സംശയത്തിലേക്ക് നയിക്കുന്നത്. നേരത്തെ ഗ്രീഷ്മയുമായുള്ള ജ്യൂസ് ചാലഞ്ചിന് ശേഷവും ഷാരോണിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. സ്ലോ പോയിസണിംഗ് ആണോ എന്ന കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധന അന്വേഷണ സംഘം ആരംഭിച്ചു.
ശാസ്ത്രീയ തെളിവുകളും,പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുമാണ് കേസിൽ ഏറെ നിർണായകമായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കോപ്പർ സൾഫേറ്റിന്റെ അംശം ആന്തരീകാവയവങ്ങളിൽ ഉള്ളതായി ഡോക്ടർ പറഞ്ഞിരുന്നു. 10 മുതൽ 20 ഗ്രാംവരെ കോപ്പർ സൾഫേറ്റ് അകത്തുചെന്നെന്നാണ് പ്രാഥമിക വിവരം. കർഷകനായ ഗ്രീഷ്മയുടെ അമ്മാവൻ സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് വിവരം.
ഷാരോൺ മരിച്ചതിന് പിന്നാലെ ഗ്രീഷ്മ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ മൊഴിയിലെ വൈരുദ്ധ്യവും മറ്റ് തെളിവുകളുമാണ് ഇക്കാര്യത്തിൽ വ്യക്തതവരുത്തിയത്. രാവിലെ 10 മണിക്കാണ് ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഗ്രീഷ്മയാണ് പ്രതിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
Comments