ചെന്നൈ : പുകയില ഉപയോഗത്തിന് എതിരായ തമിഴ്നാട് സർക്കാരിന്റെ വാദങ്ങളെ പരിഹസിച്ച് മദ്രാസ് ഹൈക്കോടതി. മദ്യശാലകൾ തുറന്ന് പുകയിലയ്ക്കെതിരെ സർക്കാർ നടത്തുന്ന വാദം ചെകുത്താന്റെ വേദവാക്യം പോലെയാണെന്ന് കോടതി വിമർശിച്ചു. സർക്കാർ അഭിഭാഷകന്റെ വാദത്തിന് പിന്നാലെയാണ് കോടതിയുടെ പരാമർശം. ശർക്കരവെള്ളം തളിക്കുന്ന പുകയിലകൾ നിരോധിക്കണമെന്ന തമിഴ്നാട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തീരുമാനത്തിനെതിരേ പുകയില ഉത്പന്ന നിർമാണവുമായി നേരിട്ടുബന്ധമില്ലാത്ത കമ്പനികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ആയിരക്കണക്കിന് മദ്യശാലകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. ഇതിനിടയിലാണ് സർക്കാർ പുകയിലയ്ക്കെതിരെ വാദങ്ങൾ ഉയർത്തുന്നത്. നിയമം കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ ഇത്തരം വാദങ്ങൾക്ക് മതിപ്പുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മദ്യവിൽപ്പനയിലൂടെ സർക്കാർ വലിയ വരുമാനം നേടുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിൽ സംസ്ഥാനത്തുടനീളം നൂറുകണക്കിന് മദ്യവിൽപ്പനശാലകളാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് കഞ്ചാവ് പോലെ പുകയില കൃഷി നിരോധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പുകയിലകൃഷിക്കാർക്ക് പരിശീലനം നൽകുന്ന സെൻട്രൽ ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്നാട്ടിലുണ്ട്. പുകയിലയും നിക്കോട്ടിനും ഭക്ഷ്യ ഉത്പന്നങ്ങളിൽ ചേർക്കരുതെന്നുമാത്രമാണ് നിയമം അനുശാസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Comments