ഇലന്തൂർ ആഭിചാര കൊലപാതാകത്തിന് ശേഷം കേരളക്കരയെ ഞെട്ടിപ്പിച്ച ഒന്നാണ് പാറശാലയിലെ ഷാരോൺ എന്ന ഇരുപത്തിമൂന്നുകാരന്റെ മരണം. കാമുകിയുടെ വീട്ടിൽ പോയിവന്ന ഷാരോൺ നിർത്താതെ ഛർദ്ദിച്ചു. ആശുപത്രിയിൽ അഡ്മിറ്റായി. അവയവങ്ങൾ ദ്രവിച്ചു. ശേഷം മരണം ആ യുവാവിനെ കാർന്നെടുത്തു. കേസുമായി ബന്ധപ്പെട്ട് ഓരോ
ദിവസവും പുറത്ത് വരുന്ന വിവരങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. ഷാരോൺ എന്ന യുവാവിന്റെ മരണ ശേഷം തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. യുവാവ് മരിച്ചതിന് പിന്നാലെ മൊഴി എടുക്കാൻ വന്ന പോലീസിന് മുന്നിൽ പ്രതി ഗ്രീഷ്മ തന്റെ അഭിനയത്തിന്റെ ചുവടുകൾ എടുത്തിരുന്നു. കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ യുവതി അടുത്ത ദിവസം സമനില വീണ്ടെടുത്തു.
പിന്നീട് നടന്നത് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഇതിന്റെ ഭാഗമായി പാറശാല എസ്ഐയെ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പോലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു. അങ്ങനെയുണ്ടെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും എസ്.ഐ.യോട് പറഞ്ഞു. സംശയത്തിന്റെ നിഴലാണെന്നത് മറച്ചുവെച്ച് ഗ്രീഷ്മയെ അദ്ദേഹം സമാധാനിപ്പിച്ചു.
എന്നാൽ ഗ്രീഷ്മയുടെ മൊഴിയിലും സംസാരത്തിലും സംശയം തോന്നിയ എസ് ഐ പിന്നീട് രണ്ടു തവണ ഗ്രീഷ്മ വിളിച്ചപ്പോൾ ഒഴിഞ്ഞ് മാറി. ഒടുവിൽ വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണം എന്ന ആവശ്യവുമായി ആയിരുന്നു. ഷാരോണിന് നൽകിയ കഷായം വാങ്ങിയത് ബന്ധുവായ പ്രശാന്തിനിയാണെന്നാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. തുടർന്ന് ഗ്രീഷ്മ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പോലീസ് അച്ഛൻ, അമ്മ, അമ്മാവൻ , പ്രശാന്തിനി എന്നിവരുടെ മൊഴിയെടുത്തു.
തുടർന്ന് കക്ഷായം വാങ്ങി എന്ന് പറയപ്പെടുന്ന മെഡിക്കൽ ഷോപ്പുകളിൽ പോലീസ് പരിശോധന നടത്തി. പ്രശാന്തിനി പറഞ്ഞത് കളവാണെന്ന് മനസ്സിലായ ഉദ്യോഗസ്ഥരോട് ഗ്രീഷ്മയാണ് തന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പഠിപ്പിച്ചതെന്ന് പ്രശാന്തിനി പറഞ്ഞു. പിന്നാലെ ഷാരോണിന് നൽകിയത് കീടനാശിനിയാണെന്ന് കണ്ടെത്തുകയും പ്രതി ഗ്രീഷ്മ കുറ്റം സമ്മതിക്കുകയുമായിരുന്നു.
Comments