മുംബൈ: രാജ്യതാൽപ്പര്യങ്ങൾക്കൊപ്പം നിന്ന് വധഭീഷണി നേരിടേണ്ടി വന്ന ബോളിവുഡ് താരങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സർക്കാർ.അക്ഷയ്കുമാർ,അനുപം ഖേർ എന്നീ നടൻമാർക്കാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എക്സ് കാറ്റഗറി സുരക്ഷയാണ് താരങ്ങൾക്ക് നൽകുക. സുരക്ഷാ ചിലവ് നടൻമാർ തന്നെ വഹിക്കുമെന്നാണ് റിപ്പോർട്ട്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് അനുപം ഖേറിന് നേരെ ഭീഷണികൾ ശക്തമായത്. രാജ്യത്തെ സംഭവവികാസങ്ങളെ സംബന്ധിച്ചുള്ള താരത്തിന്റെ അഭിപ്രായ പ്രകടനങ്ങളും പിന്തുണകളും വിമർശനങ്ങളും എല്ലാം ഇഷ്ടപ്പെടാത്ത ചിലരാണ് ഭീഷണിക്ക് പിന്നിൽ. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് എക്സ് കാറ്റഗറി സുരക്ഷ നൽകുന്നത്. മൂന്ന് സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ ഇനി അനുപം ഖേറിനെ അനുഗമിക്കും.
ദേശീയത സംബന്ധിച്ചുള്ള അക്ഷയ് കുമാറിന്റെ നിലപാടുകളും അഭിപ്രായ പ്രകടനങ്ങളുമാണ് ഭീഷണിക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് താരത്തിന് സുരക്ഷ ശക്തമാക്കുന്നത്. രാജ്യദ്രോഹികൾക്കെതിരായ താരത്തിന്റെ വിമർശനങ്ങളും ഭീഷണി ഉയർത്തിയിരുന്നു.
അക്ഷയ് കുമാറിനും അനുപം ഖേറിനും പുറമെ സൽമാൻ ഖാൻ,ഉപമുഖ്യമന്ത്രിദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് എന്നിവർക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അധോലോകഗുണ്ടയായ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത്.
Comments