ബംഗളൂരു: ആചാരങ്ങളെ മനോഹരമായി അവതരിപ്പിച്ച സിനിമയാണ് കാന്താര എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ. ബംഗളൂരുവിലെ തിയറ്ററിൽ എത്തി സിനിമ കണ്ടതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ അതിഗംഭീരമാണെന്ന് നിർമ്മലാ സീതാരാമൻ അഭിപ്രായപ്പെട്ടു.
ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി സിനിമ കണ്ട വിവരം അറിയിച്ചത്. തന്റെ ടീമിനൊപ്പം ബംഗളൂരുവിൽ കാന്താര സിനിമ കണ്ടുവെന്ന് നിർമ്മലാ സീതാരാമൻ ട്വീറ്റ് ചെയ്തു. സംവിധായകനും, നടനുമായ ഋഷബ് ഷെട്ടിയുടെ സിനിമ അതി ഗംഭീരമായിരിക്കുന്നു. തുളുവനാട്, കരവാലി എന്നീ ആചാരങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും നിർമ്മലാ സീതാരാമൻ പ്രതികരിച്ചു. ഇതിന് പിന്നാലെ തിയറ്ററിൽ വെച്ചുതന്നെ ഋഷബ് ഷെട്ടിയെ ഫോണിൽ വിളിച്ച് മന്ത്രി അഭിനന്ദനം അറിയിച്ചു. സിനിമയെ പ്രശംസിച്ച നിർമ്മലാ സീതാരാമന് ഋഷബ് ഷെട്ടിയും നന്ദി പറഞ്ഞു.
നേരത്തെ സിനിമയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയലും രംഗത്ത് എത്തിയിരുന്നു. ബംഗളൂരുവിൽ നടന്ന ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ കാന്താര സിനിമ വ്യവസായികൾക്കിടയിൽ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കന്നഡ സിനിമയായ കാന്താര വൻ വിജയമായെന്ന് താൻ അറിഞ്ഞു. 16 കോടി ചിലവിട്ട് നിർമ്മിച്ച സിനിമ 300 കോടിയുടെ ലാഭം നേടിയെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു. എല്ലാ നിക്ഷേപകരോടും ഇത് ഒരു മാതൃകയാക്കാൻ താൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments