കൊച്ചി: കാറിൽ ചാരിനിന്ന ആറുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി ഇന്റലക്ച്വൽ സെൽ അംഗം ശങ്കു ടി ദാസ്. ഉത്തരേന്ത്യക്കാരോടുള്ള മലയാളികളുടെ മനോഭാവമാണ് ആറുവയസുകാരനായ ബാലൻ ക്രൂരമർദ്ദനത്തിന് ഇരയാവാൻ കാരണമെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന യുവാവിന്റെ ഉള്ളിൽ പ്രവർത്തിച്ചത് ‘പാട്രിയാർക്കി’ ആണെന്നും, മറ്റൊരാളെ വിവാഹം ചെയ്യാൻ വേണ്ടി കാമുകനെ വിഷം കൊടുത്തു കൊന്ന യുവതിയെ മിടുക്കി എന്ന് വിശേഷിപ്പിച്ച റൂറൽ എസ്.പിയുടെ ഉള്ളിൽ പ്രവർത്തിച്ചത് ‘ജാതി’ ആണെന്നും ഒക്കെ അതിസൂക്ഷ്മമായി നിരീക്ഷിച്ചു കണ്ടെത്തിയ പ്രബുദ്ധ പുരോഗമന മലയാളി സമൂഹത്തിന് പക്ഷേ, ആറ് വയസ്സുള്ള രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച യുവാവിന്റെ ഉള്ളിൽ പ്രകടമായി പ്രവർത്തിച്ച സംഗതി എന്തെന്ന് മാത്രം കാണാൻ സാധിക്കുന്നില്ലെന്നത് വല്ലാത്തൊരു അത്ഭുതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വടക്കേ ഇന്ത്യയിലെ മനുഷ്യരോടുള്ള അകാരണവും അതിതീവ്രവുമായ വെറുപ്പാണ് ആ സംഗതി.മലയാളികളുടെ മനസ്സിൽ ഒരു കൂട്ടർ കഴിഞ്ഞ എട്ട് വർഷമായി നട്ടു നനച്ചു വളർത്തിയെടുത്ത ഉത്തരേന്ത്യൻ വിരോധത്തിന്റെ വിദ്വേഷ വൃക്ഷമാണത്.യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ എന്ന ദ്രാവിഡ നാടിന് വെളിയിലുള്ളവരെല്ലാം അടുപ്പിക്കാൻ കൊള്ളാത്തവരും അറപ്പുള്ളവാക്കുന്നവരും ആട്ടിയകറ്റേണ്ടവരും ആണെന്ന പ്രാദേശിക വരേണ്യതയാണതെന്ന് ശങ്കു ടി ദാസ് ചൂണ്ടിക്കാട്ടി.
മലയാളി സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും ഇന്ത്യയിലെ മറ്റുളളവരെക്കാളെല്ലാം മേലെയാണെന്ന ജിംഗോയിസവും വടക്കേ ഇന്ത്യക്കാർ ഒരു നിലക്കും നമ്മുടെ സൗഹൃദമോ സ്‌നേഹമോ സഹജീവികളെന്ന പരിഗണനയോ ദയ പോലുമോ അർഹിക്കുന്നില്ലെന്ന ശത്രുതാ മനോഭാവവുമാണതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പ്രബുദ്ധ കവിതകൾ അവരെ ദംഷ്‌ട്രകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഭീകര ജീവികൾ ആയി പോലും അവതരിപ്പിച്ചു വെച്ചിട്ടുണ്ട്.അവർക്കെതിരാണെന്ന് സംശയാതീതമായി പ്രഖ്യാപിക്കുന്നത് സ്വീകാര്യതയുടെ ഒരു മാനദണ്ഡം ആയിപ്പോലും നമ്മൾ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്.ഇങ്ങനെ അനവധി കാലമായി അടവെച്ച് വിരിയിച്ചെടുത്ത വെറുപ്പാണ് ഒരുദിവസം അവസരം കിട്ടിയപ്പോൾ അവരിലൊരു ആറ് വയസ്സുകാരനെ ചവിട്ടി വീഴ്‌ത്തിയത്. വടക്കേ ഇന്ത്യ എന്നതൊരു പേടിക്കണ്ട സ്ഥലമാണെന്ന് പൊതുബോധത്തിൽ സ്ഥാപിക്കാനുള്ള ഒരു പഴുതും സംസ്‌കാരിക നായകന്മാർക്ക് ഒഴിവാക്കാൻ ആവില്ല.
ഇങ്ങനെ ഇടതടവില്ലാതെ ആവർത്തിച്ച് ആവർത്തിച്ച് മലയാളി മനസ്സുകളിൽ ഇക്കൂട്ടർ ആഴത്തിൽ പതിച്ചു വെച്ചിരിക്കുന്ന വടക്കേയിന്ത്യൻ വെറുപ്പാണ് ഇന്നത്തെ സംഭവത്തിലെ യഥാർത്ഥ പ്രതി.സംഘടിതമായും വ്യവസ്ഥാപിതമായും ഇവർ നിർമിച്ചെടുത്തിരിക്കുന്ന അകൽച്ചയും അന്യത്വവും ആക്രമണോത്സുകതയുമാണെന്ന് ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു















