തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് സുരേന്ദ്രൻ തുറന്നടിച്ചു. തിരുവനന്തപുരം കോർപറേഷനിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ഒഴിവുണ്ടെങ്കിൽ അത് ഫില്ല് ചെയ്യേണ്ടത് സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനാണോ എന്നും അദ്ദേഹം ചോദിച്ചു.
സത്യപ്രതിഞ്ജാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. എല്ലായിടത്തും സിപിഎം പ്രവർത്തകർക്ക് മാത്രം ജോലി എന്ന പിണറായി സർക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോർപറേഷനും പിന്തുടരുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി കിട്ടണമെങ്കിൽ സിപിഎം ആകുകയോ, സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് മഞ്ഞുമലയുടെ അറ്റംമാത്രമാണ്. പട്ടികജാതി ഫണ്ട് തട്ടിപ്പ്, ആറ്റുകാൽ പൊങ്കാല ഫണ്ട് തട്ടിപ്പ്, പാർക്കിംഗ് ഗ്രൗണ്ട് തട്ടിപ്പ് ഉൾപ്പെടെ വലിയ അഴിമതിയാണ് ഇവിടെ നടക്കുന്നത്. പിഎസ്സി പോലും സിപിഎമ്മിന്റെ റിക്രൂട്ട്മെന്റ് ഏജൻസിയായി മാറിയിരിക്കുകയാണ്. സിപിഎം ആയാൽ പരീക്ഷ എഴുതാത്തവനും റാങ്ക് പട്ടികയിൽ ഒന്നാമത് എത്തും. ഇവർക്ക് ചോദ്യ പേപ്പർ നേരത്തെ കിട്ടും എന്നതാണ് സ്ഥിതി. ഗവർണർക്കെതിരെ സിപിഎം കടന്നാക്രമണം നടത്തുന്നതും ഇത്തരം അഴിമതിയും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്യുന്നത് കൊണ്ടാണ്. ഭരണസമിതി പിരിച്ചുവിട്ടില്ലെങ്കിൽ വലിയ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments